കോഴിക്കോട്: അമിതാധികാര പ്രയോഗത്തിന് എതിരെ എംടി വാസുദേവന്‍ നായര്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ ചര്‍ച്ചകള്‍ തുടരുന്നതിനിടെ
രാഷ്ട്രീയ വിമർശനവുമായി സാഹിത്യകാരന്‍ എം.മുകുന്ദൻ രംഗത്ത്. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണെന്നും അവരോട് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കിരീടത്തെക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദന്‍ പറഞ്ഞു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം.പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ചുകൊണ്ട് സിപിഐഎം നേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘‘നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്ത് ആണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തിൽ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്’’– മുകുന്ദൻ പറഞ്ഞു.
അധികാരമെന്നാല്‍ , ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെപണ്ടെന്നോ കുഴിവെടി മൂടി. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കലുത്തെ മാറ്റിയെടുക്കാനാണ് ഇ എം എസ് എന്നും ശ്രമിച്ചത്. ആചാരോപചാരമായ നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അത് കൊണ്ട്തന്നെ’. എന്നീ തരത്തിലായിരുന്നു എംടിയുടെ വാക്കുകള്‍.
ഇതിനു പിന്നാലെ സംസ്ഥാന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍ രംഗത്തുവന്നിരുന്നു.കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തെ വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
''യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ ഒരു ദുരന്തമുണ്ടായി. റിയാ നാരായണന്‍ എന്ന ഒരു പ്രതിഷേധക്കാരിയെ വനിതാ പോലീസ് നിലത്ത് തള്ളിയിട്ടതിനുശേഷം അവരുടെ തലമുടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് ഒന്നിലധികം പോലീസുകാര്‍ എല്ലാശക്തിയുമുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചുവലിക്കുന്നു; അവരുടെ വസ്ത്രങ്ങള്‍ കീറുന്നു, അവര്‍ നിലവിളിക്കുന്നു. ഈരംഗം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് മഹാഭാരതത്തിലെ ഒരു രംഗമാണ്.- അദ്ദേഹം പറഞ്ഞു.