ന്യൂഡൽഹി: ശ്രീരാമൻ നോൺ വെജിറ്റേറിയനായിരുന്നു എന്ന എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് ജിതേന്ദ്ര അവ്ഹദിന്റെ പരാമർശം വിവാദമാകുന്നു. വെജിറ്റേറിയനായ ഒരാൾ 14 വർഷം എങ്ങനെ കാട്ടിൽ കഴിയുമെന്നും ജിതേന്ദ്ര ചോദിച്ചിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് മഹാരാഷ്ട്രയിൽ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും നോൺ വെജിറ്റേറിയൻ ഭക്ഷണം ഒഴിവാക്കണമെന്നുമുള്ള നിർദേശത്തിന്റെ പശ്ചാത്തലത്തിലുള്ള എൻ.സി.പി എം.എൽ.എയുടെ പരാമർശം വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.
‘നമ്മൾ ചരിത്രം വായിക്കാതെ രാഷ്ട്രീയത്തിൽ എല്ലാം മറക്കുകയാണ്. രാമൻ നമ്മുടേതാണ്. അദ്ദേഹം ഭക്ഷണത്തിനായി വേട്ടയാടിയയാളാണ്. രാമൻ ഒരിക്കലും വെജിറ്റേറിയൻ ആയിരുന്നില്ല. അദ്ദേഹം ഒരു നോൺ വെജിറ്റേറിയനായിരുന്നു. 14 വർഷം കാട്ടിൽ ജീവിച്ച ഒരാൾ എങ്ങനെ സസ്യാഹാരിയായി തുടരും’ -ജിതേന്ദ്ര ചോദിച്ചു.
ജിതേന്ദ്രയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പിയും അയോധ്യ രാമക്ഷേത്രം മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ‘എൻ.സി.പി നേതാവ് പറയുന്നത് പൂർണമായും തെറ്റാണ്. വനവാസകാലത്ത് ഭഗവാൻ ശ്രീരാമൻ മാംസാഹാരം കഴിച്ചതായി നമ്മുടെ ഗ്രന്ഥങ്ങളിൽ ഒരിടത്തുമില്ല. പഴങ്ങൾ കഴിച്ചിരുന്നുവെന്ന് അതിലുണ്ട്. ഇത്തരം നുണയന്മാർക്ക് ഭഗവാൻ രാമനെ അപമാനിക്കാൻ ഒരവകാശവുമില്ല. നമ്മുടെ ദൈവം എപ്പോഴും സസ്യഭുക്കായിരുന്നു... അയാൾ നമ്മുടെ ശ്രീരാമനെ അപമാനിക്കാൻ നിന്ദ്യമായ വാക്കുകൾ ഉപയോഗിക്കുന്നു’ -സത്യേന്ദ്ര ദാസ് പ്രതികരിച്ചു.
എൻസിപിയുടെ അജിത് പവാർ വിഭാഗത്തിന്റെ ഒരു വലിയ കൂട്ടം അനുയായികൾ ബുധനാഴ്ച രാത്രി അവാദിന്റെ മുംബൈയിലെ വീടിന് പുറത്തെത്തി അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. നിലവിൽ അവ്‌ഹദിന്റെ വീടിന് മുന്നിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ബി.ജെ.പി എം.എൽ.എ രാം കദമിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്ന പരാമർശത്തിൽ എൻസിപി എംഎൽഎയ്‌ക്കെതിരെ കേസെടുക്കുമെന്നും പറഞ്ഞു.
വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ജിതേന്ദ്ര ഔഹാദ് രംഗത്തെത്തി. ‘ശ്രീരാമൻ എന്താണ് കഴിച്ചതെന്നാണ് വിവാദം. ശ്രീരാമൻ മേത്തി-ബജി (ഉലുവയില വറുത്തത്) കഴിച്ചിരുന്നതായി ചിലർ അവകാശപ്പെടും. അക്കാലത്ത് അരി ഉണ്ടായിരുന്നില്ല. ശ്രീരാമൻ ക്ഷത്രിയനായിരുന്നു, ക്ഷത്രിയർ മാംസാഹാരികളാണ്. ഞാൻ പറഞ്ഞതിൽ പൂർണമായി ഉറച്ചുനിൽക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 80 ശതമാനം നോൺ വെജിറ്റേറിയൻ ആണ്, അവരും ശ്രീരാമന്റെ ഭക്തരാണ്’ -ജിതേന്ദ്ര വിശദീകരിച്ചു.