കോഴിക്കോട്: 2024 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന അഭ്യൂഹം തള്ളി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍.മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് വെറും ഊഹാപോഹം മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ മോദിയെ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി കേരളത്തിൽ പുതു ചരിത്രമെഴുതുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍.പറഞ്ഞു.2024 ൽ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും.
കേരളത്തിൽ എംഎൽഎമാര്‍ ഇല്ലാതിരുന്നിട്ട് പോലും മലയാളികൾക്ക് പ്രധാനമന്ത്രി മോദി വലിയ പരിഗണനയാണ് നൽകുന്നത്. അടുത്ത 100 ദിവസത്തിനുള്ളിൽ ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.
അതെസമയം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം സുതാര്യമെന്നും പ്രകാശ് ജാവ്‌ദേക്കര്‍. പറഞ്ഞു. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടും. വീണ ചെയ്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണ്. അത് അന്വേഷണം പൂര്‍ത്തിയാകുമ്പോൾ അവര്‍ക്ക് മനസിലാവുമെന്നും മന്ത്രി പറഞ്ഞു.മാത്രമല്ല കേസ് അന്വേഷണം സിപിഎം - ബിജെപി ഒത്തുകളിയെന്ന യുഡിഎഫ് ആരോപണം ഈ വർഷത്തെ ഏറ്റവും വലിയ തമാശയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.