കണ്ണൂർ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ നിലവിലെ എം.പിയും കെ.പി.സി.സി അധ്യക്ഷനുമായ കെ. സുധാകരൻ മത്സരിക്കും.ഇതുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിർദേശം നൽകിയിട്ടുണ്ട്. ഇടത് സ്ഥാനാർഥിയായി സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ മത്സരിപ്പിക്കുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സീറ്റ് നിലനിർത്താൻ സുധാകരനെ തന്നെ തീരുമാനിച്ചത്.
മത്സരരംഗത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് നേരത്തെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു.താൻ ഒരു പദവിയേ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു.അതെസമയം പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കാൻ തയാറാണെന്നും വ്യക്തമാക്കിയിരുന്നു.
2019ൽ പി.കെ. ശ്രീമതിയായിരുന്നു കണ്ണൂരിൽ സുധാകരൻറെ എതിരാളി. 94,559 വോട്ടിനാണ് സുധാകരൻ വിജയിച്ചത്. ശ്രീമതി 4,35,182 വോട്ട് നോടിയപ്പോൾ സുധാകരൻ 5,29,741 വോട്ട് നേടിയിരുന്നു. ബി.ജെ.പിയുടെ സി.കെ. പത്മനാഭൻ 68,509 വോട്ട് നേടി.