വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ; തൃശൂരില്‍ കെ മുരളീധരന്‍, വടകരയില്‍ ഷാഫി പറമ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കെ സി വേണുഗോപാലാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. കെ മുരളീധരന്‍ തൃശൂരില്‍ മത്സരിക്കും.

author-image
Web Desk
New Update
വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ; തൃശൂരില്‍ കെ മുരളീധരന്‍, വടകരയില്‍ ഷാഫി പറമ്പില്‍

 

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കെ സി വേണുഗോപാലാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. കെ മുരളീധരന്‍ തൃശൂരില്‍ മത്സരിക്കും.

വടകരയില്‍ ഷാഫി പറമ്പിലാണ് മത്സരിക്കുന്നത്. അവസാന നിമിഷമാണ് മുരളീധരനെ വടകരയില്‍ നിന്ന് തൃശൂരിലേക്കു മാറ്റിയത്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതാണ് മാറ്റത്തിനു കാരണം. തൃശൂരില്‍ ബിജെപിക്ക് ശക്തമായ മറുപടി നല്‍കുകയാണ് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഇത്തവണയും മത്സരിക്കും. കെ സി വേണുഗോപാല്‍ ഒരിടവേളയ്ക്ക് ശേഷം ആലപ്പുഴയില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

കെ.സുധാകരന്‍ കണ്ണൂരില്‍ത്തന്നെ വീണ്ടും മത്സരിക്കും. തിരുവനന്തപുരത്ത് ശശി തരൂര്‍ ഉള്‍പ്പെടെ മറ്റു മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ക്കു തന്നെ അവസരം നല്‍കി. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ട ആന്റോ ആന്റണി, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കി ഡീന്‍ കുര്യാക്കോസ്, എറണാകുളം ഹൈബി ഈഡന്‍, ചാലക്കുടി ബെന്നി ബഹനാന്‍, പാലക്കാട് വി.കെ. ശ്രീകണ്ഠന്‍, കോഴിക്കോട് എം.കെ. രാഘവന്‍, കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ആലത്തൂര്‍ രമ്യ ഹരിദാസ് എന്നിവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.

വ്യാഴാഴ്ച രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ആദ്യഘട്ട പട്ടികയ്ക്ക് രൂപംനല്‍കിയത്. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ഡി.കെ. ശിവകുമാര്‍, കേരളത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ചൗധരി, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളത്തിലേത് കൂടാതെ ഛത്തീസ്ഗഢ്, കര്‍ണാടക, മേഖാലയ, നാഗാലാന്‍ഡ്, സിക്കിം, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങളിലേതടക്കം 36 സ്ഥാനാര്‍ഥികളുടെ പേരുകളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

 

kerala india congress party lok-sabha election 2024