മാനന്തവാടി: വയനാട്ടില്‍ നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു. മണ്ണുണ്ടി കോളനിയിലാണ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്. രാത്രി എട്ടു മണിയോടെ അഞ്ചു യൂണിറ്റ് പട്രോളിങ്ങിന് ഇറങ്ങുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കി.
പട്രോളിങ് സംഘത്തിന്റെ കൈവശം തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ ഉണ്ടാകുമെന്നും പേരിയ റേഞ്ചര്‍ അറിയിച്ചു. പട്രോളിങ് സംഘത്തിന്റെ ഫോണ്‍ നമ്പറുകള്‍ വനംവകുപ്പ് നാട്ടുകാര്‍ക്ക് നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ ആനയെ പിടികൂടാനുള്ള ദൗത്യം പുനരാരംഭിക്കും. വനംവകുപ്പ് നല്‍കിയ ഉറപ്പുകളെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കൊലയാളി ആനയെ പിടികൂടാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ ദൗത്യസംഘത്തെ തടയുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷമാണ് ഇവരെ വിട്ടത്.
ഞായറാഴ്ച പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയിട്ടും ആനയെ വെടിവയ്ക്കാന്‍ പറ്റിയില്ല. ആന നിരന്തരം സഞ്ചരിക്കുന്നതാണു പ്രതിസന്ധിയായത്. ഏറെ നേരം ബാവലിയില്‍ ഉണ്ടായിരുന്ന ആന പിന്നീട് മണ്ണുണ്ടി ഭാഗത്തെ ഉള്‍വനത്തിലേക്കു പോയി.
തിരച്ചില്‍ നടത്തുകയായിരുന്ന വനപാലകര്‍ വൈകിട്ട് അഞ്ചരയോടെ വനത്തില്‍നിന്നും പുറത്തുവന്നതോടെ നാട്ടുകാര്‍ തടഞ്ഞു. ഇരുട്ടായതോടെ ദൗത്യം അവസാനിപ്പിക്കാനായിരുന്നു വനംവകുപ്പിന്റെ നീക്കം.
കര്‍ണാടക അതിര്‍ത്തിയായ ബാവലിയോടു ചേര്‍ന്നുള്ള സ്ഥലത്താണ് ആനയ്ക്കായി രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയത്. ഇതിനിടെ റേഡിയോ കോളറിലെ സിഗ്‌നല്‍ ഉപയോഗിച്ചും ആന എവിടെയാണെന്നു തിരിച്ചറിയാന്‍ സാധിച്ചു. എന്നാല്‍ ഉള്‍വനത്തിലായതിനാല്‍ വെടിവയ്ക്കാന്‍ സാധിച്ചില്ല.