'ലിവ് ഇൻ ബന്ധങ്ങളിൽ സ്ഥിരതയും ആത്മാർത്ഥതയുമില്ല'; നേരംപോക്ക് മാത്രമെന്ന് അലഹബാദ് ഹൈക്കോടതി

പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ട ലിവ് ഇൻ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാഹുൽ ചതുർവേദി , മുഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം.

author-image
Greeshma Rakesh
New Update
 'ലിവ് ഇൻ ബന്ധങ്ങളിൽ സ്ഥിരതയും ആത്മാർത്ഥതയുമില്ല'; നേരംപോക്ക് മാത്രമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ് : ലിവ് ഇൻ ബന്ധങ്ങൾ നേരം പോക്കും സ്ഥിരതയും ആത്മാർത്ഥതയും ഉണ്ടാകില്ലെന്നും അലഹബാദ് ഹൈക്കോടതി.പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ട ലിവ് ഇൻ പങ്കാളികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാഹുൽ ചതുർവേദി , മുഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ബഞ്ചിന്റെ നിരീക്ഷണം.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366-ാം വകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോകൽ കുറ്റമാണെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമത വിശ്വാസിയായ സ്ത്രീയും മുസ്ലിം മതവിശ്വാസിയായ പുരുഷനും സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതി പല അവസരങ്ങളിലും ലിവ്-ഇൻ ബന്ധങ്ങളെ സാധൂകരിച്ചിട്ടുണ്ടെന്ന് അംഗീകരിച്ചെങ്കിലും ഹർജിക്കാരുടെ പ്രായവും അവർ ഒരുമിച്ച് ജീവിച്ച കാലയളവും എടുത്തുകാട്ടി ഇത് ശ്രദ്ധാപൂർവ്വം എടുത്ത തീരുമാനമാണോ എന്ന് കോടതി ചോദിച്ചു.

"ബഹുമാനപ്പെട്ട സുപ്രീം കോടതി, നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധങ്ങളെ സാധൂകരിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ 20-22 വയസ് വീതമുള്ള രണ്ടുപേര്‍ക്ക്‌ രണ്ട് മാസത്തിനുള്ളിൽ ഇത്തരം താത്കാലിക ബന്ധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കാനാവില്ല. ഇത് എതിർലിംഗത്തിലുള്ളവരോടുള്ള ആത്മാർത്ഥതയില്ലാത്ത അമിതമായ അഭിനിവേശം മാത്രമാണ്. അത് പെട്ടെന്നുണ്ടാകുന്ന ആകർഷണം ആയതിനാൽ സ്ഥിരതയും ഉണ്ടാകില്ല," രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ലിവ്-ഇൻ ബന്ധങ്ങൾ താത്കാലികവും ദുർബലവും നേരം പോക്കുമായി മാറുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്നാൽ യുവതിക്ക് 20 വയസിന്‌ മുകളിൽ പ്രായമുണ്ടെന്നും ഭാവി തീരുമാനിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്നും കുറ്റാരോപിതനുമായി ലിവ്-ഇൻ ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചിട്ടുണ്ടെന്നും യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഉത്തർപ്രദേശ് ഗുണ്ടാ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കുറ്റങ്ങൾ കുറ്റാരോപിതനായ യുവാവിന് മേൽ നിലനിൽക്കുന്നുണ്ടെന്നായിരുന്നു എതിർഭാഗത്തിന്റെ ആരോപണം.

ദമ്പതികൾ വിവാഹം കഴിക്കുകയോ, അവരുടെ ബന്ധത്തിന് ഒരു പേര് നൽകുകയോ അല്ലെങ്കിൽ പരസ്പരം ആത്മാർത്ഥത കാണിക്കുകയോ ചെയ്യുന്നത് വരെ അത്തരം ബന്ധങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നത് കോടതി ഒഴിവാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

Live In Relationship Allahabad High Court police protection inter faith couples