ബെംഗളുരു: ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഐഎസ്ആര്‍ഒ) ലീഫ് എറിക്സണ്‍ ലൂണാര്‍ പുരസ്‌കാരം. വിജയകരമായ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാരം. ചാന്ദ്രപര്യവേക്ഷണ രംഗത്ത് നല്‍കിക്കൊണ്ടിരിക്കുന്ന സുപ്രധാന സംഭാവനകളും പ്രതിബദ്ധതയും കണക്കിലെടുത്താണ് ഐസ് ലാന്‍ഡിലെ ഹുസാവിക് എക്‌സ്‌പ്ലൊറേഷന്‍ മ്യൂസിയം ഐഎസ്ആര്‍ഒയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
ചാന്ദ്ര ദൗത്യ രംഗത്ത് ഇന്ത്യയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിക്കൊണ്ടാണ് ചന്ദ്രയാന്‍ 3 പേടകം 2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് വിജയകരമായി ഇറങ്ങിയത്. ലാന്‍ഡിങ്ങില്‍ പരാജയം നേരിട്ട ചന്ദ്രയാന്‍ 2 ലെ പിഴവുകള്‍ തിരുത്തിക്കൊണ്ട്, സാങ്കേതിക വിദ്യകള്‍ കുറ്റമറ്റ വിധം പരിഷ്‌കരിച്ചുകൊണ്ടാണ് ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3 വിജയകരമാക്കിയത്.
ചന്ദ്രയാന്‍ 3 വിക്രം ലാന്ററിലുള്ള ചന്ദ്രാസ് സര്‍ഫേസ് തെര്‍മോഫിസിക്കല്‍ എക്സ്പിരിമെന്റ് (ചാസ്റ്റ്) എന്ന ഉപകരണത്തിന്റെ സഹായത്തോടെ ഇതുവരെ മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചന്ദ്രനിലെ പ്രദേശത്തെ ഉപരിതല താപനില സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി. പേടകത്തിലുണ്ടായിരുന്ന പ്രഗ്യാന്‍ റോവര്‍ ലാന്‍ഡ് ചെയ്ത സ്ഥലത്ത് ചുറ്റിസഞ്ചരിച്ച് വിവരങ്ങള്‍ ശേഖരിച്ചു.
ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് സംഘടനയ്ക്ക് ലഭിച്ച ബഹുമതിക്ക് നന്ദി രേഖപ്പെടുത്തി. ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി അംബാസഡര്‍ ബാലസുബ്രഹ്മണ്യന്‍ ശ്യാം പുരസ്‌കാരം ഏറ്റുവാങ്ങി.