ന്യൂഡൽഹി: മോദി സർക്കാർ നയങ്ങൾക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഡൽഹിയിൽ തുടങ്ങി.കേരള ഹൗസിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭാംഗങ്ങളും എം.പിമാരും എം.എൽ.എമാരും ജന്തർമന്തറിൽ എത്തിയത്.പ്രതിഷേധ ബാനറിന് പിന്നിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അണിനിരന്നു.
സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഡി.എം.കെ, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എൻ.സി.പി, ജെ.എം.എം, ഇടത് പാർട്ടി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കും.ബി.ജെ.പി നേരിട്ടോ പങ്കാളിത്തത്തോടെയോ ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്ന കേന്ദ്ര സമീപനത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായതിലാണ് അസാധാരണ പ്രക്ഷോഭ മാർഗം തെരഞ്ഞെടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിനെതിരെ കർണാടക സർക്കാറിന്റെ സമരം ബുധനാഴ്ച ഡൽഹി ജന്തർമന്തറിൽ നടന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരുമാണ് സമരത്തിൽ പങ്കെടുത്തത്.