ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം മീഡിയം ഇല്ല; എല്ലാ സ്കൂളിലും സി.ബി.എസ്.ഇ മാത്രം

അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളും സി.ബി.എസ്.ഇയിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാകേഷ് ദാഹിയ ഉത്തരവിറക്കി.

author-image
Greeshma Rakesh
New Update
ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം മീഡിയം ഇല്ല; എല്ലാ സ്കൂളിലും സി.ബി.എസ്.ഇ മാത്രം

കൊച്ചി: സർക്കാർ സ്കൂളുകളിൽനിന്ന് മലയാളം മീഡിയം പൂർണമായി ഒഴിവാക്കി ലക്ഷദ്വീപ്. അടുത്ത അധ്യയന വർഷം മുതൽ എല്ലാ സ്കൂളുകളും സി.ബി.എസ്.ഇയിലേക്ക് മാറ്റുമെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാകേഷ് ദാഹിയ ഉത്തരവിറക്കി.

കേരള സിലബസിൽ ഉൾപ്പെടുന്ന അറബി ഭാഷ പഠനവും ഇതോടെ ഇല്ലാതാകും. ഇനി എസ്.സി.ഇ.ആർ.ടി കേരള മലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇയിലേക്ക് മാറ്റും. 2024-25 അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിലേക്ക് ഇത്തരത്തിലായിരിക്കും പ്രവേശനം.

അതെസമയം രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ സി.ബി.എസ്.ഇയിലേക്ക് മാറ്റും. നിലവിൽ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അടിയന്തര മാറ്റത്തിൽ ഉൾപ്പെടുന്നില്ല. ഇവർക്ക് നിലവിലെ രീതിയിൽ പഠനം രണ്ടുവർഷം കൂടി തുടും.

രണ്ടുവർഷത്തിനുള്ളിൽ എല്ലാ ക്ലാസുകളും സി.ബി.എസ്.ഇയിലേക്ക് മാറും. ഒന്നാം ക്ലാസ് മുതൽ നിലവിൽ കേരള സിലബസിൽ അറബി പഠനമുണ്ട്. അഞ്ചാം ക്ലാസിലെത്തുമ്പോൾ രണ്ടാം ഭാഷയായി അറബി വേണോ എന്നത് തെരഞ്ഞെടുക്കാനും അവസരമുണ്ടായിരുന്നു. എന്നാൽ, സി.ബി.എസ്.ഇയിൽ അറബി പഠനമില്ല.

ഇനി രണ്ടാം ഭാഷയായി തിരഞ്ഞെടുക്കാനാകുക ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിവയാണ്. മലയാളവുമായി അഭേദ്യബന്ധമുള്ള ലക്ഷദ്വീപിൽ പണ്ടുകാലം മുതൽ മലയാളം മീഡിയം സ്കൂളുകളും കേരള സിലബസ് പഠനവുമുണ്ട്. വിദ്യാഭ്യാസ നിലവാരം ഉ‍യർത്തുന്നതിനും മികച്ച വിദ്യാഭ്യാസാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമാണ് നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.

നിലവിൽ എല്ലാ ദ്വീപിലുമുള്ള വിദ്യാർഥികൾക്കും മലയാളം മീഡിയത്തിനൊപ്പം സി.ബി.എസ്.ഇ പഠനാവസരങ്ങളും ഉണ്ടായിരുന്നു. നേരത്തേ, ബിരുദതലം മുതൽ കാലിക്കറ്റ് സർവകലാശാലയുമായുള്ള അഫിലിയേഷനും ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കിയിരുന്നു. സി.ബി.എസ്.ഇ മാത്രമേ ഇനി ദ്വീപിലുണ്ടാകുകയുള്ളൂവെന്ന് ഭരണകൂടം പ്രഖ്യാപിക്കുമ്പോൾ, അത് അടിച്ചേൽപിക്കലാവുകയാണെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു.

മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം നിഷേധിച്ച് സി.ബി.എസ്.ഇ സിലബസ് നിർബന്ധിതമായി അടിച്ചേൽപിക്കുന്നത് വിദ്യാർഥി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ട്രഷറർ പി. മിസ്ബാഹുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.

മാതൃഭാഷ കോളത്തിൽ മലയാളം രേഖപ്പെടുത്തുന്ന ദ്വീപ് ജനതയോടുള്ള വെല്ലുവിളിയാണിതെന്ന് എൻ.എസ്.യു.ഐ ലക്ഷദ്വീപ് പ്രസിഡൻറ് അജാസ് അക്ബർ പറഞ്ഞു. സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി എൻ.എസ്.യു.ഐ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

 

cbse lakshadweep curriculum malayalam medium