തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി ബസുകളിൽ വ്യാഴാഴ്ച മുതൽ ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ നിലവിൽ വരും.മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പുതിയ ക്രമീകരണം.പ്രാരംഭ ഘട്ടത്തിൽ ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്റ് ടു പോയിന്റ് സർവീസുകളിലുമാണ് സംവിധാനം നിലവിൽ വരിക.
ചലോ മൊബൈൽ ആപ്പ് വഴി എ.ടി.എം കാർഡ്, യു.പി.ഐ, ചലോ പേ വാലറ്റ് എന്നിവയിലൂടെയും ടിക്കറ്റെടുക്കാം.മാത്രമല്ല സിറ്റി ബസുകളുടെ തത്സമയ ലൊക്കേഷനും റെയിൽവേയുടെ മാതൃകയിൽ യാത്രക്കാർക്ക് അറിയാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജി.പി.എസ് സൗകര്യമുള്ള ടിക്കറ്റ് മെഷീനുകൾ വഴിയാണ് തത്സമയ വിവരങ്ങൾ ലഭ്യമാക്കുക.
സേവനങ്ങൾക്കായി കെ.എസ്.ആർ.ടി.സി കേരള റെയിൽ സെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനെയാണ് (കെ.ആർ.സി.സി.എൽ) ചുമതലപ്പെടുത്തിയിരിക്കുന്നത്. ടെണ്ടർ നടപടി മുഖേനയാണ് ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തത്. സേവനത്തിന് വേണ്ടിയുളള എല്ലാ ഹാർഡ്‌വെയറുകളും ഡാറ്റ സപ്പോർട്ടും ചലോ കമ്പനിയാകും വഹിക്കുക.
ഒരു ഡിപ്പോയിൽ നാല് വീതം കമ്പ്യൂട്ടറുകളും പ്രിന്ററുകളും ബസുകൾക്കനുസൃതമായ ടിക്കറ്റ് മെഷീനുകളും ഇതിനായി കമ്പനി നൽകും. കെ.എസ്.ആർ.ടി.സിക്ക് ഒരു ടിക്കറ്റിനു 13.7 പൈസ മാത്രമാണ് ചെലവാകുക. പരീക്ഷണ ഘട്ടത്തിലെ ഏതെങ്കിലും പോരായ്മകളോ അപാകതകളോ ശ്രദ്ധയിൽ പെട്ടാൽ അവ പൂർണമായും പരിഹരിച്ച ശേഷമാകും ഒദ്യോഗികമായി സംവിധാനം നടപ്പിൽ വരുത്തുക.
അതെസമയം നാല് മാസത്തിനകം കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി സർവീസുകളിലും ഈ സംവിധാനം നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. പുതിയ സംവിധാനത്തിൽ വിവിധ പാസുകളുടെ സാധുത പരിശോധിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും സാധിക്കും. അപ് വഴി റീ ചാർജ് ചെയ്യാം. ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള നിജസ്ഥിതി തത്സമയം അറിയാനും കഴിയും.