നെയ്യാറ്റിന്‍കര: കരമന കളിയിക്കാവിള ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതിലേറെ പേര്‍ക്ക് പരുക്ക്. ശനിയാഴ്ച രാത്രി പതിനൊന്നോടെ നെയ്യാറ്റിന്‍കര മൂന്നുകല്ലിന്മൂട്ടിനു സമീപമാണ് അപകടം.ഇരു ബസിലെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്.പരുക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും നിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
മൂന്നുകല്ലിന്മൂട്ടിലിനു സമീപം വളവ് കഴിഞ്ഞെത്തുമ്പോഴാണ് അപകടം.തിരുവനന്തപുരത്തു നിന്നു നാഗര്‍കോവിലിലേക്കും നാഗര്‍കോവിലില്‍ നിന്നു തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസിന്റെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ഇരു ബസിലെയും ഡ്രൈവര്‍മാരായ അനില്‍ കുമാര്‍, എം.എസ്.സുനി എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ബസിനുള്ളില്‍ കുടുങ്ങിപ്പോയ ഇരുവരെയും അഗ്‌നിശമന സേന ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്.അതെസമയം ബസിലെ കണ്ടക്ടര്‍മാരായ ജി.ധന്യ, രാജേഷ് എന്നിവര്‍ക്കും പരുക്കുണ്ട്.റോഡിലെ വെളിച്ചക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണു സൂചന. വന്‍ശബ്ദം കേട്ട് ഓടിക്കൂടിയവരാണ് അപകടത്തില്‍പ്പെട്ട ബസില്‍ ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നാലെ അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.