ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച്

കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും

author-image
Greeshma Rakesh
New Update
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കാൻ ക്രൈം ബ്രാഞ്ച്

 

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് അടുത്തയാഴ്ച കൊട്ടാരക്കര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.സംഭവം നടന്ന് രണ്ടുമാസം തികയുന്ന ജനുവരി 27-നു മുമ്പുതന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ (51), ഭാര്യ അനിതകുമാരി (39), മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികളെ ഏഴുദിവസം കസ്റ്റഡിയിൽ വാങ്ങി അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തിരുന്നു. പുളിയറയിൽ ഒളിവിൽ കഴിയാൻ സഹായിച്ച ആൾ, കുളമടയിലെ ചായക്കടയിൽ പ്രതികൾ എത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവർ, ചായക്കടയുടമയായ സ്ത്രീ, ഫാം ഹൗസ് ജീവനക്കാരി തുടങ്ങിയ കേസിവലെ സാക്ഷികളിൽനിന്നുള്ള മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനും വയോധികരിൽനിന്ന് ആഭരണങ്ങൾ തട്ടാനുമടക്കം തയ്യാറാക്കിയ പദ്ധതികൾ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നതാണ് കേസിലെ നിർണായക തെളിവ്. ഇവയെല്ലാം വിശദമായി പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കലിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.

കഴിഞ്ഞ നവംബർ 27-നാണ് കേസിനാസ്പദമായ സംഭവം.അന്നേദിവസം വൈകീട്ട് 4.20-നാണ് മരുതമൺപള്ളി കാറ്റാടിയിലെ വീടിനു സമീപത്തുനിന്ന് പദ്മകുമാറും കുടുംബവും കുട്ടിയെ തട്ടിക്കൊണ്ടുപോയത്.തുടർന്ന് രാത്രിതന്നെ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിൽ വിളിക്കുകയും ചെയ്തു.പിന്നാലെ പൊലീസ് സംസ്ഥാനമാകെ പരിശോധന ആരംഭിച്ചു. സാക്ഷികൾ പറഞ്ഞതനുസരിച്ച് പ്രതികളുടെ രേഖാചിത്രവും വരച്ചു. ഇതോടെ പിടിക്കപ്പെടുമെന്ന് മനസിലായ പ്രതികൾ കുട്ടിയെ പിറ്റേന്ന് തന്നെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു.‍രക്ഷപ്പെടുകയായിരുന്നു.

ഡിസംബർ ഒന്നിനാണ് പ്രതികളെ തമിഴ്‌നാടിനടുത്ത് പുളിയറയിൽനിന്ന് അന്വേഷണസംഘം പിടികൂടിയത്. ഡിസംബർ ഏഴിന് പ്രതികളെ കൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു.

കാറ്റാടിയിൽനിന്ന് സഞ്ചരിച്ച വഴികൾ, വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കിയ സ്ഥലം, ഫാം ഹൗസ്, കുട്ടിയുടെ പെൻസിൽ ബോക്സ് വലിച്ചെറിഞ്ഞയിടം, തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്, തെങ്ങുവിളയിലെ ഫാം ഹൗസ് എന്നിവിടങ്ങളിൽനിന്നെല്ലാം ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് അനിതയും അനുപമയുമുള്ളത്. പദ്മകുമാർ സെൻട്രൽ ജയിലിലും.

kollam crime branch oyoor kidnap case chargesheet