കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പിന്നിലുളളവരെ പിതാവിന് അറിയാം? ചോദ്യം ചെയ്യല്‍ തെളിവുകള്‍ നിരത്തി

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവത്തിനു പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പ് തന്നെയെന്നുറപ്പിച്ച് പൊലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പാണെന്ന് വ്യാഴാഴ്ച കലാകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

author-image
Web Desk
New Update
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: പിന്നിലുളളവരെ പിതാവിന് അറിയാം? ചോദ്യം ചെയ്യല്‍ തെളിവുകള്‍ നിരത്തി

 

* പിന്നില്‍ സാമ്പത്തിക ഇടപാട് തന്നെ  * സംഘത്തില്‍ നഴ്സിംഗ് കെയര്‍ ടേക്കറും * പ്രതികളെന്നു സംശയിക്കുന്നവരില്‍ ചിലര്‍ കസ്റ്റഡിയില്‍ * വിദേശ ജോലിക്ക് പണം കൈമാറിയത് സംഘടനയുടെ പേരിലെന്ന് പൊലീസ്  * പിതാവിന്റെ ഇടപെടലില്‍ ചിലര്‍ക്ക് പണം നഷ്ടമായി * റിക്രൂട്ടിംഗ് തട്ടിപ്പിനിരയായവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്

ബി.വി. അരുണ്‍ കുമാര്‍

തിരുവനന്തപുരം: കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. സംഭവത്തിനു പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പ് തന്നെയെന്നുറപ്പിച്ച് പൊലീസ്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പാണെന്ന് വ്യാഴാഴ്ച കലാകൗമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട രേഖാചിത്രത്തില്‍ നഴ്സിംഗ് കെയര്‍ ടേക്കറായ യുവതിയുടെ ഫോട്ടോയും ഉണ്ടായിരുന്നു. ഇവര്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ ആളാണെന്നും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു.

പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് കുട്ടിയുടെ പിതാവിന് കൃത്യമായി അറിയാം എന്നാണ് സൂചന. എന്നാല്‍ ഇയാള്‍ പൊലീസിനോട് ഒന്നും തുറന്നു പറയുന്നില്ലെന്ന് അന്വേഷണ സംഘം പറയുന്നു. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്.

അതിനിടെ കുട്ടിയുടെ പിതാവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നു സംശയിക്കുന്നവരുടെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വെളളിയാഴ്ച പിതാവിനെ ചോദ്യം ചെയ്യും. ചോദ്യംചെയ്യലിനായി ഹാജരാകണമെന്ന് പിതാവിന് പൊലീസ് നിര്‍ദ്ദേശം നല്‍കി. നഴ്സിംഗ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ നേതാവ് കൂടിയാണ് ഇയാള്‍. നഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ ഇയാള്‍ സംഘടനയ്ക്കു വേണ്ടി പലരില്‍ നിന്നായി പണം വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസിനു ലഭിച്ച തെളിവുകള്‍ നിരത്തിയാണ് ചോദ്യം ചെയ്യല്‍. ഇയാളുടെ പത്തനംതിട്ടയിലെ ഫ്ളാറ്റില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ വെള്ളിയാഴ്ച പൊലീസിനു ലഭിക്കും.

ഇയാളുടെ ഇടപെടലില്‍ ചിലര്‍ പണം നല്‍കിയിരുന്നു. എന്നാല്‍ ഈ പണം ഇയാളുടെ അക്കൗണ്ടിലേക്കല്ല നല്‍കിയത്. പകരം സംഘടനയുടെ പേരിലേക്കാണ് കൈമാറിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതുസംബന്ധിച്ച് പൊലീസിന് ചില രേഖകളും ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ ഉള്ളവരില്‍ നിന്നും ലഭിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്.

അതേസമയം നഴ്സിംഗ് അസോസിയേഷന്റെ പിന്തുണയോടെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് കുട്ടിയുടെ പിതാവിന്റെ നീക്കമെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കലാകൗമുദിയോട് പറഞ്ഞു. സംഭവത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്‍കിയെന്നു കരുതുന്നയാളും കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ഉടമയും ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.

കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നു കരുതുന്ന ചിലരുടെ രേഖാ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വിട്ടിരുന്നു. ഇവരില്‍ ചിലരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതെന്നാണ് സൂചന. എന്നാല്‍ സങ്കീര്‍ണമായ കേസായതിനാല്‍ പിതാവില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിനു വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്‍കിയെന്നു സംശയിക്കുന്ന ചാത്തന്നൂര്‍ ചിറക്കര സ്വദേശി ഉള്‍പ്പെടെ ചിലരാണ് കസ്റ്റഡിയില്‍.

കുട്ടിയുടെ പിതാവ് ഭാരവാഹിയായ സംഘടനയില്‍പെട്ട ചിലരെ ചോദ്യം ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്.

അതിനിടെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു വന്ന ഫോണ്‍വിളിശബ്ദം തിരിച്ചറിയാന്‍ പൊലീസ് കുടുംബശ്രീയുടെ സഹായം തേടി. ശബ്ദസന്ദേശം കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന 74 സി.ഡി.എസ്. അധ്യക്ഷമാരുടെ വാട്സാപ് ഗ്രൂപ്പുകളിലാണ് ആദ്യം ഷെയര്‍ ചെയ്തത്. അവര്‍ ജില്ലയിലെ 1420 വനിതാ വാട്സാപ് ഗ്രൂപ്പുകളിലും പിന്നാലെ 26,000 അയല്‍ക്കൂട്ട ഗ്രൂപ്പുകളിലും വ്യാഴാഴ്ച ശബ്ദസന്ദേശം എത്തിച്ചുകഴിഞ്ഞു. ശബ്ദം തിരിച്ചറിയുന്നവര്‍ ജില്ലാ മിഷനെ അറിയിച്ച് പോലീസിന്റെ അന്വേഷണത്തെ സഹായിക്കണമെന്ന് കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

kollam kerala police kidnapping case