കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ മൊഴിയില്‍ വൈരുദ്ധ്യമെന്ന് സൂചന. കുട്ടിയുടെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യം മൂലമാണ് തട്ടികൊണ്ടുപോയതെന്നാണ് പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്.
മകള്‍ അനുപമയ്ക്ക് വിദേശത്ത് നഴ്സിംഗ് അഡ്മിഷനു വേണ്ടി ഒഇടി പരീക്ഷ ജയിക്കാന്‍ സഹായിക്കുന്നതിനായി റെജിക്ക് പണം നല്‍കിയിരുന്നു. പണം തിരികെ ചോദിച്ചപ്പോള്‍ റെജി നല്‍കിയില്ല. ഇത് വൈരാഗ്യമുണ്ടാക്കിയെന്നാണ് പത്മകുമാറിന്റെ മൊഴി.
എന്നാല്‍, ഈ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. പത്മകുമാറിന്റെ മകള്‍ കമ്പ്യൂട്ടര്‍ സയന്‍സാണ് പഠിച്ചത്. അങ്ങനെ വരുമ്പോള്‍ മകള്‍ക്ക് വിദേശത്ത് നഴ്സിംഗ് പഠിക്കാനെന്ന പത്മകുമാറിന്റെ മൊഴി വിശ്വസനീയമല്ല.
മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ വിളിച്ചയാളെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. എന്നാല്‍, കുടുംബത്തിന് തട്ടികൊണ്ടുപോകലുമായി ബന്ധമില്ലെന്നാണ് പത്മകുമാര്‍ പറയുന്നത്.
പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത ഭാര്യ കവിതയേയും മകള്‍ അനുപയേയും പൊലീസ് ചോദ്യം ചെയ്യും. കുട്ടിയെ തട്ടികൊണ്ടുപോകാന്‍ മറ്റൊരു സംഘം സഹായിച്ചെന്നും പത്മകുമാറിന്റെ മൊഴിയിലുണ്ട്.