കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഫാം ഹൗസില്‍ മണിക്കൂര്‍ നീണ്ട തെളിവെടുപ്പ്, കത്തികരിഞ്ഞ നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി

ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളുടെ ഫാം ഹൗസില്‍ ഒന്നര മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ പകുതിയിലധികം കത്തികരിഞ്ഞ നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി.

author-image
Priya
New Update
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഫാം ഹൗസില്‍ മണിക്കൂര്‍ നീണ്ട തെളിവെടുപ്പ്, കത്തികരിഞ്ഞ നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി

ചാത്തന്നൂര്‍ (കൊല്ലം): ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളുടെ ഫാം ഹൗസില്‍ ഒന്നര മണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ പകുതിയിലധികം കത്തികരിഞ്ഞ നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്‌സും കണ്ടെത്തി.

ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രാവിലെയാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍. പത്മകുമാര്‍ (52), ഭാര്യ എം.ആര്‍. അനിത കുമാരി (39), മകള്‍ പി.അനുപമ (21) എന്നിവരുമായി ചിറക്കര പഞ്ചായത്തിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസിലെത്തി തെളിവെടുപ്പ് നടത്തിയത്.

ഫാം ഹൗസില്‍ പട്ടിക്കൂടിനു മുന്നില്‍ ചപ്പുചവറുകള്‍ സ്ഥിരമായി കത്തിക്കുന്ന ഭാഗത്താണ് കത്തിയ ബുക്ക് കണ്ടെത്തിയത്. ഫൊറന്‍സിക് അധികൃതര്‍ തീ കത്തിക്കുന്ന ഭാഗത്ത് നിന്നുള്ള തെളിവുകള്‍ ശേഖരിച്ചു.

ഈ ബുക്ക് ആറുവയസ്സുകാരിയുടെ ആണോയെന്ന് സംശയം ഉയര്‍ന്ന് വരുന്നുണ്ട്. മുതിര്‍ന്ന കുട്ടികളുടേത് പോലെയുള്ള കയ്യക്ഷരമാണ് ബുക്കിലുള്ളത്.

ഫാം ഹൗസിന്റെ ചുറ്റുമതിലിനു പുറത്തു പട്ടിക്കൂടിനു പിന്നില്‍ നിന്നാണ് ഒഴിഞ്ഞ ഇന്‍സ്ട്രുമെന്റ് ബോക്‌സ് കണ്ടെടുത്തത്. തെളിവെടുപ്പ് നടത്താന്‍ അനിതകുമാരിയെ മാത്രമാണ് വാനില്‍ നിന്നു പുറത്തിറക്കിയത്.

റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

kollam child kidnap