കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ അനിത കുമാരിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് അമ്മ. അച്ഛന്‍ മരിച്ചിട്ടു പോലും അനിതകുമാരി വീട്ടിലേക്ക് വന്നില്ലെന്ന് അമ്മ പറയുന്നു.
അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ല. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ തന്നെ മര്‍ദിച്ചെന്നും തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാന്‍ നോക്കിയെന്നും അമ്മ ആരോപിച്ചു.
'ലോണ്‍ വയ്ക്കാന്‍ വസ്തു എഴുതിക്കൊടുക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ടു. ആറു മാസത്തിനകം തിരിച്ച് എഴുതിത്തരാമെന്നും പറഞ്ഞു. അങ്ങനെ ഏഴു സെന്റോളം കൊടുത്തു.
പണവും കൊടുത്തു വസ്തുവും എഴുതിക്കൊടുത്തു. ആറു മാസത്തിനകം തരാമെന്ന് പറഞ്ഞവള് രണ്ടു വര്‍ഷമായും അനങ്ങുന്നില്ല. അച്ഛന് സുഖമില്ലാതായി ആശുപത്രിയില്‍ കിടന്നിട്ടു പോലും വന്നില്ല.
മരിച്ചിട്ടും കാണാന്‍ വന്നില്ല. അതില്‍ കൂടുതല്‍ എന്താ ഞാന്‍ പറയേണ്ടത്. വീടിന്റെ ആധാരം തിരികെ കിട്ടാന്‍ വേണ്ടി പഞ്ചായത്ത് മെമ്പര്‍ക്കൊപ്പം ചാത്തന്നൂരിലെ വീട്ടിലെത്തിയ എന്നെ ചവിട്ടി.
അവന്‍ ഓടി വന്ന് എന്നെ ചവിട്ടി, പിടിച്ച് വെളിയില്‍ കൊണ്ടാക്കി. എന്റെ ചേട്ടത്തിയുടെ മകളും ഒപ്പമുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്നു പറഞ്ഞ് തടഞ്ഞപ്പോള്‍ അവളെ പിടിച്ച് തള്ളി, അവള്‍ സ്റ്റെപ്പില്‍ പോയി വീണു.
മോളും കൊച്ചുമോളുമൊക്കെ ഭയങ്കരമായി ആക്ഷേപിച്ചു. പട്ടിയെ അഴിച്ചുവിടുമെന്നു വരെ പറഞ്ഞു. അങ്ങനെ ഞാന്‍ അവിടുന്ന് ഇറങ്ങി പോന്നതാ. അതിനു ശേഷം ഞാന്‍ കലക്ടര്‍ക്ക് പരാതി കൊടുത്തു. മൂന്നു വര്‍ഷമായി യാതൊരു ബന്ധവുമില്ല.
നല്ല സ്വഭാവമൊക്കെയുള്ള പെണ്ണായിരുന്നു. ഈ അടുത്ത സമയം കൊണ്ടാ ഇങ്ങനെയൊക്കെ ആയത്. ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നു. അവള്‍ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരന്‍ പ്രതിഫലം നല്‍കട്ടേ' അമ്മ പറഞ്ഞു.
ടിപ്പര്‍ ഡ്രൈവറായ മകന്റെ സഹായത്തോടെ പെരുമ്പുഴയ്ക്കടുത്ത് ഒരു വാടകവീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയാണ് ഈ അമ്മ.