കൊച്ചി: സമുദ്രോത്പന്ന കയറ്റുമതി രംഗത്തെ ആഗോള ഹബായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂല്യവർദ്ധനയ്ക്കും റെഡി ടു ഈറ്റ് ഉത്പന്നങ്ങൾക്കും ഊന്നൽ നൽകുന്നതോടെ സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ചോയ്സ് ഗ്രൂപ്പിന്റെ വാല്യൂ ഇന്നവേഷൻ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളത്തിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നുള്ള മൊത്തം സമുദ്രോത്പന്ന കയറ്റുമതിയുടെ പതിനാലു ശതമാനവും മൂല്യത്തിൽ 11 ശതമാനവും വീതം വിഹിതം നിലവിൽ കേരത്തിനുണ്ട്.
മാത്രമല്ല അസംസ്കൃത രൂപത്തിൽ മത്സ്യം കയറ്റി അയക്കുന്ന രീതിയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്ന വിപണിയിൽ വിഹിതം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കേരളം കൂടുതൽ നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ ഡിവിഷനിൽ നിന്നുള്ള നിലവിലെ കയറ്റുമതി അഞ്ഞൂറുകോടിയിൽ നിന്നും ആയിരംകോടിയായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചോയ്സ് കാനിംഗ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ജോസ് തോമസ് പറഞ്ഞു.
അതെസമയം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങൾക്കുള്ള ശ്രമത്തിലാണ് കേരളമെന്ന് ചടങ്ങിൽ അധ്യക്ഷനായ വ്യവസായ മന്ത്രി പി.രാജീവ് വ്യക്തമാക്കി.