സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കം....

ഭിന്നശേഷി കുട്ടികളുടെ വാദ്യമേളത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗലം കളി അവതരിപ്പിക്കും.

author-image
Greeshma Rakesh
New Update
സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കം....


കൊല്ലം: 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കം.വ്യാഴാഴ്ച രാവിലെ പത്ത് മണിയ്ക്ക് കൊല്ലം ആശ്രാമം മൈതാനിയിലെ പ്രധാന വേദിയിലാണ്‌ ഉദ്ഘാടനച്ചടങ്ങുകൾ.സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്‌ ഷാനവാസ്‌ പതാക ഉയർത്തിയതോടെ ചടങ്ങുകൾ ആരംഭിച്ചു. ഇതോടെ വരുന്ന അഞ്ചുദിവസം കൗമാരകലയുടെ പൂരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. .

ഭിന്നശേഷി കുട്ടികളുടെ വാദ്യമേളത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. കാസർകോട്‌ ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗലം കളി അവതരിപ്പിക്കും.

സ്കൂൾ കലോത്സവത്തിന്‍റെ സ്വാഗതഗാനത്തിന്‌ ആശാശരത്താണ് നൃത്താവിഷ്‌കാരം നൽകുന്നത്. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാര്‍, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും പങ്കെടുക്കും.

അപ്പീൽ വഴിയെത്തിയ 331 പേർ ഉൾപ്പെടെ 9,571 പ്രതിഭകളാണ് 239 ഇനങ്ങളിലായി മത്സരിക്കുന്നത്. 3,969 ആൺകുട്ടികളും 5,571 പെൺകുട്ടികളുമാണ്‌. 24 വേദികളാണ് കാലാപൂരത്തിനായി സജ്ജമാക്കിയിരിക്കുന്നത്.

പതിനാല് സ്‌കൂളുകളിലായി 2,475 ആണ്‍കുട്ടികള്‍ക്കും ഒമ്പത് സ്‌കൂളുകളിലായി 2,250 പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ടൗണ്‍ ബസ് സർവീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സർവീസ് നടത്തും.

24 വേദികളിലേക്കും മത്സരാർഥികളെ സൗജന്യമായി എത്തിക്കുന്നതിന് 25 ഓട്ടോറിക്ഷകള്‍ സജ്ജമാണ്. പ്രത്യേകം ബോര്‍ഡ് വെച്ചാണ് ഇവ സർവീസ് നടത്തുക. എല്ലാ വേദികളിലേക്കും കെഎസ്ആര്‍ടിസിയും കൊല്ലം കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലുള്ള ഗ്രാമവണ്ടിയും സൗജന്യയാത്ര ഒരുക്കും. മത്സരാര്‍ഥികള്‍ക്ക് വേദികളിലേക്കും ഭക്ഷണ പന്തലിലേക്കും പോകാൻ ഈ വാഹനം ഉപയോഗിക്കാൻ കഴിയും.

കൊല്ലം റെയിൽവേ സ്‌റ്റേഷനിലും കെഎസ്ആർടിസി ഡിപ്പോയിലും ഹെൽപ്‌ ഡസ്‌ക്‌ പ്രവർത്തിക്കും. ക്രമസമാധാനപാലനത്തിന്‌ പോലീസ്‌ നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. കലോത്സവത്തിന് മാത്രമായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തയ്യാറാക്കിയിട്ടുണ്ട്.

112, 9497 930 804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍.6000 ചതുരശ്ര അടിയിലാണ്‌ ആശ്രാമം മൈതാനത്തെ പ്രധാനവേദി. കലോത്സവത്തിന്‍റെ സമാപന സമ്മേളനം എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി ചടങ്ങിൽ വിശിഷ്‌ടാതിഥിയാവും.

kollam school kalolsavam kerala school kalolsavam 2024