തിരുവനന്തപുരം: കേരളം സാമ്പത്തികമായി പാപ്പരായ സ്ഥിതിയില്‍ അല്ലെന്നും ഉല്പാദനമേഖലയിലും നികുതിപിരിവിലും കാര്യമായ വര്‍ദ്ധന ഉണ്ടായെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഉല്പാദനമേ ഖലയില്‍ 18 ശതമാനം വളര്‍ച്ചയുണ്ടായി. രാജ്യത്ത് നികുതി പിരിവില്‍ മുന്നിലെത്തിയ 5 സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഉല്ലാദനമേഖലയിലെ വര്‍ദ്ധന, സംസ്ഥാനത്തെകുറിച്ചുള്ള പൊതുവിശ്വാസത്തിന്റെ സൂചനയാണ്. കേരളത്തിലെ ബാങ്കുകളിലായി 5 ലക്ഷം കോടിയോളം രൂപ നിക്ഷേപമുണ്ട് - ബജറ്റിന് മുന്നോടിയായി എഡിറ്റര്‍മാരുമായുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ പഠിക്കാനും തൊഴിലിനുമായി കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുന്നത് ഇവിടുത്തെ വ്യാവസായിക പിന്നാക്കാവസ്ഥ കൊണ്ടല്ല. വ്യവസായ രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഹരിയാനയില്‍ നിന്നാണ് വിദേശത്തേക്ക് ചെറുപ്പക്കാരുടെ ഏറ്റവും കൂടിയ ഒഴുക്ക്. മക്കളുടെ വിദേശപഠനത്തിനായി കേരളത്തിലെ രക്ഷിതാക്കള്‍ ഒരു വര്‍ഷം ചെലവാക്കുന്നത് 10,000 കോടിയോളം രൂപയെന്നാണ് നിഗമനം.
അതേ സമയം കേരളത്തില്‍ സ്വര്‍ണ വ്യാപാരം കൂടുമ്പോഴും നികുതി വരുമാനത്തില്‍ വര്‍ദ്ധനയില്ല. സ്വര്‍ണ്ണത്തിന് ജി.എസ്.ടി. ഏര്‍പ്പെടുത്തും മുമ്പ് 5 ശതമാനം വില്‍പ്പന നികുതി വരുമാനമാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ കേവലം ഒന്നര ശതമാനമായി. സ്വര്‍ണത്തിന് ജി, എസ് ടി മൂന്ന് ശതമാനമായി കേന്ദ്രം നിജപ്പെടുത്തിയതോടെയാണിത്. ഇതില്‍ ഒന്നര ശതമാനം കേന്ദ്ര വിഹിതമായി പോകുന്നു.
ജി. എസ്. ടി വരും മുമ്പ് വിവിധ മേഖലകളിലായി കേരളത്തില്‍ ഉണ്ടായിരുന്ന നികുതിയുടെ ശരാശരി 18 ശതമാനമായിരുന്നു.
ഇപ്പോഴത് 11 ശതമാനമായി.നികുതി ചോര്‍ച്ചയെ പറ്റി ആക്ഷേപം പറയുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം. കേരളത്തിനുള്ള 52,000 കോടി കേന്ദ്ര വിഹിതം തരാത്തതും കടമെടുപ്പ് പരിധി കുറച്ചതുമെല്ലാം സാമ്പത്തിക ഞെരുക്കത്തിലേക്ക് നയിച്ചു.അതേസമയം കേരളത്തിന്റെ ആകെ ചെലവ് വിഹിതം കൂടിക്കൊണ്ടിരിക്കുന്നു. രണ്ട് കൊല്ലം മുമ്പ് 1,38,000 ലക്ഷം കോടിയായിരുന്ന ചെലവ് ഇപ്പോള്‍ 1,63,000 ലക്ഷം കോടിയിലെത്തി. ഇക്കുറി അത് 1, 70,000 ലക്ഷം കോടി കടക്കും. വിഴിഞ്ഞം പദ്ധതി കേരളത്തിലെ നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.