കൊച്ചി: ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ശേഷം എതിര്‍പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് കൂറുമാറ്റമായി കണക്കാക്കുന്നതിന് കാരണമാകുമെന്ന് ഹൈക്കോടതി. ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി. സജീവിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിരീക്ഷണം.
കൂറുമാറ്റ നിരോധന നിയമപ്രകാരം ഇനി ആറു വര്‍ഷത്തേക്ക് സജീവിന് മത്സരിക്കാനാകില്ല. നിലവില്‍ വെളിയനാട് ഗ്രാമപ്പഞ്ചായത്തിലെ സി.പി.എമ്മിന്റെ വൈസ് പ്രസിഡന്റാണ് സജീവ്.
2015-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ച് സി.പി.എം. പിന്തുണയോടെ സജീവ് പ്രസിഡന്റായത് കൂറുമാറ്റമാണെന്നാണ് കോടതി വിലയിരുത്തിയത്. ആദ്യ കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സജീവ്. കാലാവധി കഴിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായ സാബു ചാക്കോ പ്രസിഡന്റായി.
2019 സെപ്റ്റംബര്‍ 27-ന് സി.പി.എം സാബുവിനെതിരേ കൊണ്ടുവന്ന അവിശ്വാസത്തെ സജീവ് പിന്തുണച്ചു. ഡി.സി.സി. പ്രസിഡന്റായിരുന്ന ലിജു നല്‍കിയ വിപ്പ് ലംഘിച്ചായിരുന്നു ഇത്. തുടര്‍ന്ന് സി.പി.എം. പിന്തുണയോടെ പ്രസിഡന്റുമായി. ഇതിനെതിരെ ഡി.സി.സി. പ്രസിഡന്റായിരുന്ന എം. ലിജുവാണ് ഹര്‍ജി നല്‍കിയത്.
സജീവിനെ അയോഗ്യനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നല്‍കിയെങ്കിലും വിപ്പ് നല്‍കിയത് നിയമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ പാര്‍ട്ടിയാണ് പുറത്താക്കിയത് എന്നതടക്കമുള്ള സജീവിന്റെ വാദം കോടതി തള്ളുകയായിരുന്നു.