മോഡിഫൈ ചെയ്ത വാഹനങ്ങൾ ഉപയോ​ഗിക്കുന്നവർക്കും പ്രോത്സാഹിപ്പിക്കുന്ന വ്ളോ​ഗർമാർക്കുമെതിരെ നടപടി; ഉത്തരവിട്ട് ഹൈകോടതി

പൊതുസ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.

author-image
Greeshma Rakesh
New Update
മോഡിഫൈ ചെയ്ത വാഹനങ്ങൾ ഉപയോ​ഗിക്കുന്നവർക്കും പ്രോത്സാഹിപ്പിക്കുന്ന വ്ളോ​ഗർമാർക്കുമെതിരെ നടപടി; ഉത്തരവിട്ട് ഹൈകോടതി

കൊച്ചി: പൊതുസ്ഥലങ്ങളിൽ മോഡിഫൈ ചെയ്ത വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെയും ഓൺലൈൻ ചാനലുകളിൽ ഇത്തരം വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരെയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി.എല്‍.ഇ.ഡി ഘടിപ്പിച്ച ബസുകളുള്‍പ്പെടെയുള്ള വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോസ് വ്‌ളോഗര്‍മാര്‍ തങ്ങളുടെ യൂട്യൂബ് ചാനലില്‍ പ്രചരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

സംസ്ഥാന പൊലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.എ.ജെ. ടൂറിസ്റ്റ് ബസ് ലവര്‍, നസ്രു വ്‌ളോഗര്‍, നജീബ് സൈനുല്‍സ്, മോട്ടോര്‍ വ്‌ളോഗര്‍ തുടങ്ങിയ യൂട്യൂബ് അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോസും ഫോട്ടോസും ഹൈക്കോടതി പരിശോധിച്ചു.

മുന്‍കാല നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ മാറ്റങ്ങളോടെ ഉപയോഗിച്ചുവെന്നും ഇത് റോഡ് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും ഹൈക്കോടതിയുടെ പ്രസ്താവനയില്‍ പറയുന്നു. ഒരു വാഹനത്തില്‍ അനധികൃതമായി വരുത്തുന്ന ഓരോ മാറ്റത്തിനും 5000 രൂപ പിഴ ചുമത്താനാണ് കോടതിയുടെ നിര്‍ദേശം.

മാത്രമല്ല പൊതുസ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സർക്കാർ വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ സേഫ് സോണ്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്മേല്‍ കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കവേയാണ് ഹൈകോടതി ഉത്തരവ്.

kerala police kerala motor vehicle department kerala high court road safety norms