ഹൈക്കോടതി കളമശ്ശേരിയിലേക്ക്; 60 കോടതികൾ, ഉയരുന്നത് 27 ഏക്കറിൽ 28 ലക്ഷം ചതുരശ്ര അടി കെട്ടിടം

27 ഏക്കറാണ് ജുഡീഷ്യൽ സിറ്റിക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമേ സ്ഥലം ആവശ്യമാണെങ്കിൽ അതിനും നടപടിയുണ്ടാകും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചിക്കുന്നത്.

author-image
Greeshma Rakesh
New Update
ഹൈക്കോടതി കളമശ്ശേരിയിലേക്ക്; 60 കോടതികൾ, ഉയരുന്നത് 27 ഏക്കറിൽ  28 ലക്ഷം ചതുരശ്ര അടി കെട്ടിടം

കൊച്ചി: പുതിയ ഹൈക്കോടതി മന്ദിരം കൊച്ചി കളമശ്ശേരിയിൽ നിർമിക്കാൻതീരുമാനം.മുഖ്യമന്ത്രി പിണറായി വിജയൻ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.ഹൈക്കോടതിയിൽ ഞായറാഴ്ച രാവിലെ നടന്ന ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷൻ അക്കാദമിയുടെയും ആസ്ഥാനമന്ദിര നിർമാണ ഉദ്ഘാടനത്തിനുശേഷമായിരുന്നു യോഗം.

കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനുള്ള തുടർനടപടികൾക്ക് കൊച്ചിയിൽചേർന്ന യോഗം രൂപംനൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള സ്ഥലപരിശോധന ഹൈക്കോടതി ജഡ്ജിമാർ, മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഫെബ്രുവരി 17ന് നടക്കും.

നിലവിലെ ഹൈക്കോടതി സമുച്ചയത്തിൽ സ്ഥലപരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ നിർമാണത്തെക്കുറിച്ച് നിർദേശം ഉയർന്നത്. നവംബർ 9ന് തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രി-ഹൈക്കോടതി ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൽ ഇതുസംബന്ധിച്ച നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചിരുന്നു. നിലവിലെ ഹൈക്കോടതി മന്ദിരത്തോടുചേർന്ന് ജഡ്ജിമാർക്കും ജീവനക്കാർക്കും താമസസൗകര്യത്തിന് സ്ഥലം ഏറ്റെടുക്കാൻ പരിമിതികളുണ്ട്.

27 ഏക്കറാണ് ജുഡീഷ്യൽ സിറ്റിക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനുപുറമേ സ്ഥലം ആവശ്യമാണെങ്കിൽ അതിനും നടപടിയുണ്ടാകും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചിക്കുന്നത്. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തരതലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ടാകും. ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജിവനക്കാരുടെ ക്വാർട്ടേഴ്‌സ്, അഭിഭാഷകരുടെ ചേംബർ, പാർക്കിങ് സൗകര്യം എന്നിവയും ഉണ്ടാകും.

kochi pinarayi vijayan kalamassery kerala high court