'നികുതി വിഹിതം ഔദാര്യമില്ല അവകാശമാണ്'; കേരളത്തോട് നീതികേട് കാണിച്ചു, കേന്ദ്രത്തിനെതിരെ കേരളം

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിനെതിരെ കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി

author-image
Greeshma Rakesh
New Update
'നികുതി വിഹിതം ഔദാര്യമില്ല അവകാശമാണ്'; കേരളത്തോട് നീതികേട് കാണിച്ചു, കേന്ദ്രത്തിനെതിരെ കേരളം

തിരുവനന്തപുരം: കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിനെതിരെ കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം സുപ്രിംകോടതിയില്‍ സമർപ്പിച്ച് സത്യവാങ്മൂലത്തിൽ പറയുന്നു. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും കേരളം ചൂണ്ടികാട്ടി.

നികുതി വിഹിത ശതമാനം കണക്കാക്കിയതിൽ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചുവെന്ന് കേരള സർക്കാർ കുറ്റപ്പെടുത്തി. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്‍റ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയതാണ്. ജിഎസ്‌ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്‍റിൽ ഉൾപ്പെടുത്തി. ധനകാര്യ കമ്മീഷന്‍റെ മാനദണ്ഡങ്ങൾ പുനപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

യുപിഎയുടെ പത്ത് കൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോള്‍ 2014-2023 കാലത്ത് 1,50,140 കോടി വിഹിതം നല്കിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എൻഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വ‌ർധിച്ചെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ കണക്കുകളിൽ കൃത്യമമുണ്ടെന്നാണ് കേരളം കുറ്റപ്പെടുത്തുന്നത്.

കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദമായ കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് അടുത്തദിവസം പരിഗണിക്കും.

kerala government Supreme Court union government tax share