ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനക്ക് മുമ്പേ 61 മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്ഥലംമാറ്റം; സർക്കാർ നീക്കത്തിനെതിരെ കെജിഎംസിടിഎ

ഇടുക്കിയിലേയും കോന്നിയിലേയും ​ഗവ.മെഡിക്കൽ കോളേജുകളെ എൻഎംസി പരിശോധനയിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാരിന്റെ അടിയന്തര സ്ഥലംമാറ്റം.

author-image
Greeshma Rakesh
New Update
ദേശീയ മെഡിക്കൽ കമ്മീഷന്റെ പരിശോധനക്ക് മുമ്പേ 61 മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് സ്ഥലംമാറ്റം; സർക്കാർ നീക്കത്തിനെതിരെ കെജിഎംസിടിഎ

 

തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ്റെ (എൻഎംസി) പരിശോധനയ്ക്ക് മുൻപേ വിവിധ മെഡിക്കൽ കോളജുകളിലെ 61 ഡോക്ടർമാരെ കോന്നി, ഇടുക്കി ജില്ലകളിലേയ്ക്ക് സ്ഥലംമാറ്റി സർക്കാർ. തിരുവനന്തപുരം, കോട്ടയം, തൃശൂർ മെഡിക്കൽ കോളജ് ആശുപത്രികളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയാണ് കോന്നി, ഇടുക്കി മെഡിക്കൽ കോളജുകളിലേക്ക് അടിയന്തരമായി മാറ്റിയത്. ഇടുക്കിയിലേയും കോന്നിയിലേയും ഗവ.മെഡിക്കൽ കോളേജുകളെ എൻഎംസി പരിശോധനയിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാരിന്റെ അടിയന്തര സ്ഥലംമാറ്റം.

തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇടുക്കിയിൽ 28 ഡോക്ടർമാരെയും കോന്നി മെഡിക്കൽ കോളേജിൽ 33 ഡോക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ഇവരോട് ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.അതെസമയം അശാസ്ത്രീയമായ കൂട്ട സ്ഥലംമാറ്റം പിൻവലിക്കണമെന്ന് കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ) ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേയ്ക്ക് കടക്കുമെന്നും കെജിഎംസിടിഎ സർക്കാരിനെ അറിയിച്ചു.

ന്യൂനതകൾ മറയ്ക്കാൻ എൻഎംസി പരിശോധനയ്ക്ക് മുമ്പ് താൽക്കാലികമായി ഡോക്ടർമാരെ സ്ഥലം മാറ്റുന്നത് സർക്കാരിൻ്റെ പതിവാണ്. ഈ മെഡിക്കൽ കോളേജുകളിൽ പുതിയ തസ്തികകൾ അനുവദിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നതാണ് ഈ പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു.

“പ്രസ്തുത തസ്തികകൾക്കായി, പിഎസ്‌സി 2023 ഒക്‌ടോബറിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു, എന്നാൽ അതിനുശേഷം പിഎസ്‌സി തുടർനടപടികളൊന്നും സ്വീകരിച്ചില്ല. പിഎസ്‌സി പരീക്ഷ കൃത്യസമയത്ത് നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല''- അവർ പറഞ്ഞു.

അതെസമയം ഡോക്ടർമാരുടെ സ്ഥലംമാറ്റം രോഗികളുടെ പരിചരണത്തെയും മെഡിക്കൽ കോളേജുകളിലെ പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് കെജിഎംസിടിഎ ആരോപിച്ചു. എൻഎംസി പരിശോധനയ്ക്ക് മുന്നോടിയായി സർക്കാർ ഇതേ രീതി തുടരുന്നത് സമരത്തിന് നിർബന്ധിതരാക്കുന്നതായും കെജിഎംസിടിഎ പറഞ്ഞു. ആശുപത്രികളിലെ ജീവനക്കാരെ നിയന്ത്രിക്കാനും മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും പുതിയ നിയന്ത്രണങ്ങളോടെ എൻഎംസി പദ്ധതിയിടുന്നുണ്ട്.

മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരം ഉയർത്തുന്നതിനും മെഡിക്കൽ കോളേജുകളിലെ ക്രമക്കേടുകൾ പരിഹരിക്കുന്നതിനുമായി നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസത്തിന് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളേജുകൾക്കെതിരെ എൻഎംസി നടപടി സ്വീകരിക്കും.

Idukki nmc inspection konni medical colleges kerala government Doctors