ഡല്‍ഹിയില്‍ മുഴങ്ങിയത് പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍

കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരം ചരിത്രമായി. രണ്ട് മുഖ്യമന്ത്രിമാരും ഒരു മുന്‍ മുഖ്യമന്ത്രിയുമടക്കം ഒട്ടേറെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അണിനിരത്തി നടത്തിയ മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധ സമരത്തിന്റെ വേദിയില്‍ കേരളത്തിലെ മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും എം.പിമാരും വിവിധ രാഷ്ട്രീയ നേതാക്കളും അണിനിരന്നു. വ്യാഴാഴ്ച രാവിലെ 10.30 ന് കേരളഹൗസില്‍ നിന്നും 'ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം' എന്ന ബാനറുമായി പ്രതിഷേധമാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും സമരവേദിയായ ജന്തര്‍ മന്തറില്‍ എത്തിയത്.

author-image
Web Desk
New Update
ഡല്‍ഹിയില്‍ മുഴങ്ങിയത് പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ച് മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരം ചരിത്രമായി. രണ്ട് മുഖ്യമന്ത്രിമാരും ഒരു മുന്‍ മുഖ്യമന്ത്രിയുമടക്കം ഒട്ടേറെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ അണിനിരത്തി നടത്തിയ മൂന്ന് മണിക്കൂറോളം നീണ്ട പ്രതിഷേധ സമരത്തിന്റെ വേദിയില്‍ കേരളത്തിലെ മന്ത്രിമാരും ഭരണപക്ഷ എം.എല്‍.എമാരും എം.പിമാരും വിവിധ രാഷ്ട്രീയ നേതാക്കളും അണിനിരന്നു. വ്യാഴാഴ്ച രാവിലെ 10.30 ന് കേരളഹൗസില്‍ നിന്നും 'ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം' എന്ന ബാനറുമായി പ്രതിഷേധമാര്‍ച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും സമരവേദിയായ ജന്തര്‍ മന്തറില്‍ എത്തിയത്. പ്രതിഷേധ മാര്‍ച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. മറ്റ് പ്രവര്‍ത്തകര്‍ സമരവേദിയിലെത്തുകയായിരുന്നു.

കേരളത്തിന്റെ പ്രതിഷേധ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി അദ്ധ്യക്ഷത വഹിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍, കപില്‍ സിബല്‍, സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ, പ്രകാശ് കാരാട്ട്, തിരുച്ചി ശിവ, ബൃന്ദ കാരാട്ട്, ജോസ് കെ.മാണി, കെ.പി.മോഹനന്‍ തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു. തമിഴ്‌നാട് മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രമണിഞ്ഞാണ് സമരവേദിയിലെത്തിയത്. പരിപാടി ജോണ്‍ ബ്രിട്ടാസ് എം.പി നിയന്ത്രിച്ചു. എളമരം കരീം സ്വാഗതം പറഞ്ഞു.

ഇത് ചരിത്ര മുന്നേറ്റത്തിനുള്ള തുടക്കം-മുഖ്യമന്ത്രി

ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ചരിത്ര മുന്നേറ്റത്തിന് ഇവിടെ തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്റെ കേന്ദ്ര അവഗണനക്കെതിരായ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ സംസ്ഥാനങ്ങളെയും തുല്യതയോടെ കാണാനും പരിഗണിക്കാനും കഴിയുന്ന പുതിയ പുലരിക്ക് വേണ്ടിയുള്ള സമരത്തിനാണ് ഇവിടെ ജന്തര്‍മന്തറില്‍ തുടക്കം കുറിച്ചത്. ഈ ദിനം ചരിത്രത്തില്‍ ചുവന്ന അക്ഷരത്തില്‍ രേഖപ്പെടുത്തും. മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഒരു ചരിത്ര സന്ധിയിലാണ് നമ്മള്‍ എന്ന മുഖവുരയോടെയായിരുന്നു മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. യൂണിയന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത്. ഓരോ ധനകാര്യ കമീഷനും കഴിയുമ്പോള്‍ കേരളത്തിലെ നികുതി വരുമാനം കുത്തനെ ഇടിയുകയാണ്.

വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെ പല മേഖലകളിലും കേരളം കൈവരിച്ചു കൊണ്ടിരിക്കുന്ന വലിയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ കുറവ് വരുത്തല്‍ നടപടിയെ ന്യായീകരിക്കുന്നത്. ഈനേട്ടങ്ങള്‍ സംസ്ഥാനത്തിന് തന്നെ ശിക്ഷയായി മാറുകയാണ്. നേട്ടങ്ങള്‍ പരിരക്ഷിക്കണമെങ്കില്‍ പണം വേണ്ടേ? അത് പോലെ നല്‍കാനുള്ള ഫണ്ട് വൈകിപ്പിക്കുകയും ചെയ്യുന്നു. യു.ജി.സി ശമ്പള പരിഷ്‌ക്കരണം ഉദാഹരണമാണ്. മറ്റൊന്ന് ഭരണഘടന ദുര്‍വ്യാഖ്യാനം ചെയ്ത് വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുകയാണ്. കിഫ്ബിയും കെഎസ്എസ്പിഎല്ലും ഉദാഹരണങ്ങളാണ്. യൂണിയന്‍ സര്‍ക്കാര്‍ പിന്തുടരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ പിന്തുടരാത്തത് കൊണ്ടാണ് കേരളത്തിനോടുള്ള ഈ അവഗണനയെന്ന് ജനങ്ങള്‍ കണക്കാക്കുകയാണ്.

2018 ലെ പ്രളയത്തിന്റെ ഘട്ടത്തിലും കേരളത്തോട് യൂണിയന്‍ സര്‍ക്കാര്‍ വിവേചനം കാണിച്ചിരുന്നു. നിപ്പ, കൊവിഡ് തുടങ്ങിയ മഹാമാരികള്‍ കൊണ്ട് ദുരന്തത്തിലായ ഘട്ടത്തിലാണ് സംസ്ഥാന വിരുദ്ധ നടപടികള്‍ എന്നോര്‍ക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച ഇടക്കാല ബജറ്റിലും കേരളത്തോടുള്ള വിവേചനം പ്രകടമാണ്. എയിംസ്, കെ - റെയില്‍, ശബരിപാത, കൊച്ച് ഫാക്ടറി, മെമു ഷെഡ് തുടങ്ങിയ ആവശ്യങ്ങളൊന്നും കേട്ടതായി നടിച്ചില്ല. റബ്ബറിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായില്ല. പ്രതിസന്ധികളുടെ ഈ ഘട്ടത്തിലും രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടങ്ങള്‍ കേരളം സ്വന്തമാക്കി. ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം, സുസ്ഥിര വികസനമുള്ള രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം, കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മികവിന്റെ സൂചികയില്‍ ഒന്നാം സ്ഥാനം, നീതി ആയോഗിന്റെ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം എന്നിവ അതില്‍ ചിലത് മാത്രം. മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങള്‍ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് വന്നത്. വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. കേന്ദ്രധനമന്ത്രിയെയും പ്രധാനമന്ത്രിയെയും രേഖാമൂലം തന്നെ ധരിപ്പിച്ചു. ഒരു വര്‍ഷം നിരന്തരം ശ്രമിച്ചു. ഒരു പ്രതികരണവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. മറ്റൊരു വഴിയുമില്ലാതെയാണ് സമര രംഗത്തേക്ക് വന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.

kerala india chief minister pinarayi vijayan delhi