തിരുവനന്തപുരം: സംസ്ഥാനത്ത്, 2025-ല്‍ അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് ധനമന്ത്രി. അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന് 50 കോടി വകയിരുത്തി. ഈ സാമ്പത്തിക വര്‍ഷം 10.5 കോടി തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ നല്‍കും. 430 കോടിയുടെ ഉപജീവന പദ്ധതികള്‍ കുടുംബശ്രീയിലൂടെ നടപ്പിലാക്കും.
സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
സംസ്ഥാനത്ത് 25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഭക്ഷ്യ സംരക്ഷണ സ്റ്റാര്‍ട്ടപ്പ് രംഗത്ത് കൂടുതല്‍ പദ്ധതികള്‍ തുടങ്ങും.
ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികള്‍ കൊണ്ടുവരും. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ നവീകരിക്കും.
കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചു. മെഡിക്കല്‍ ഹബ്ബായി കേരളത്തെ മാറ്റും. വിഴിഞ്ഞം തുറമുഖം ഈ വര്‍ഷം മേയില്‍ പ്രവര്‍ത്തനം തുടങ്ങും. കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായി ധനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയല്ല വേണ്ടത്, തകരില്ല കേരളം, തളരില്ല കേരളം എന്നു വ്യക്തമാക്കി മുന്നോട്ടുപോകണം.
പൊതുസ്വകാര്യ മൂലധനം ഉറപ്പാക്കാനുളള പദ്ധതികള്‍ കൊണ്ടുവരും. അടുത്ത മൂന്നു വര്‍ഷത്തില്‍ മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.