തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജനും മന്ത്രി വി. ശിവന്‍കുട്ടിയും കോടതിയില്‍ ഹാജരായി.
ഇന്ന് രാവിലെ 11നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരായത്. കേസില്‍ അന്തിമ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ക്കോ, പ്രതികള്‍ക്കോ വിരുദ്ധമായി പുതുതായി കണ്ടെത്തലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ക്രംബ്രാഞ്ച് നേരത്തെ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മാത്രമല്ല പുതുതായി പ്രതികളെയും ചേര്‍ത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ വാദം തുടരുന്ന കോടതിയില്‍ ഇന്നലെ ജയരാജനും ശിവന്‍കുട്ടിയും ഹാജരായത്.
മന്ത്രി വി.ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
പുയിത റിപ്പോര്‍ട്ടിനൊപ്പം മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ നാടാരടക്കം ഏഴുപേരുടെ മൊഴികളും ചേര്‍ത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. സജീവാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിനു മുന്നില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.
അനൂപ് ജേക്കബ്, ആര്‍. സെല്‍വരാജ്, എ.ടി. ജോര്‍ജ്, തേറമ്പില്‍ രാമകൃഷ്ണന്‍, കെ.സി. ജോസഫ്, പി.സി. ജോര്‍ജ് എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കേസിന്റെ വിചാരണത്തിയതി നിശ്ചയിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് പുരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സഭയിലെ കൈയാങ്കളിക്കിടെ ജമീലാ പ്രകാശം, കെ.കെ. ലതിക എന്നിവര്‍ക്ക് പരിക്ക് പറ്റിയതിനെ കുറിച്ച് അ്‌നവേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
ഇതിനായി 14 വൂണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് വിസദമായി അന്വേഷിക്കണമെന്നുമാണ് കോടതിയില്‍ ക്രൈംബ്രാഞ്ച് പറഞ്ഞത്. തുടര്‍ന്ന് കോടതി 60 ദിവസത്തെ സമയം അനുവദിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നതിനെക്കാള്‍ കൂടുതലൊന്നും പുനരന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.