തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി വെളപ്പായ സതീശന്‍ നടത്തിയ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. സതീശന്‍ സഹകരണ ബാങ്കുകളില്‍ ഇടപാട് നടത്തിയത് ഞായറാഴ്ചകളിലാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇടപാടുള്ള ബാങ്കുകള്‍ ഇതിനായി ഞായറാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് തുറന്നിരുന്നു. തൃശ്ശൂരിലെ ഒരു ബാങ്കിന്റെ ഭരണസമിതിയംഗത്തിന്റെ മകനാണ് സതീശനോടൊപ്പം ബാങ്കിലെത്തിയിരുന്നത്. മറ്റു ബാങ്കുകളില്‍ ജീവനക്കാരും തട്ടിപ്പിന് കൂട്ടുനിന്നതായാണ് കണ്ടെത്തല്‍.
ജപ്തിയിലായ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം കടം വീട്ടിയ ശേഷം ഏറ്റെടുത്ത് മറ്റു ബാങ്കുകളില്‍ ഈടുവെച്ച് വലിയ തുക സതീശന്‍ എടുക്കാറുണ്ടായിരുന്നു. ജപ്തി ഒഴിവാക്കാനായി കടം വീട്ടി പുതിയ വായ്പ മറ്റു ബാങ്കുകളില്‍നിന്ന് സംഘടിപ്പിക്കുന്നതിന് പരമാവധി ഒരുമാസമാണ് സമയം. ഇതിനായി 100-ന് 12 രൂപ എന്ന നിരക്കിലാണ് സതീശന്‍ പലിശ ഈടാക്കിയിരുന്നത്.
നഗരത്തിലെ ഒരു ബാങ്കില്‍നിന്ന് മൂന്നുകോടി സഞ്ചിയിലാക്കി എടുത്തെന്നും അത് കൊടുത്ത് വായ്പ പുതുക്കിയതിന് 36 ലക്ഷം കമ്മിഷനായി വാങ്ങിയെന്നും സതീശന്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, കരുവന്നൂര്‍ ബാങ്കില്‍ വന്‍ തട്ടിപ്പ് നടക്കുന്നത് സി.പി.എം. നേതാക്കള്‍ നേരത്തേ അറിഞ്ഞിരുന്നെന്ന് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം വി.കെ. ലളിതന്‍ വെളിപ്പെടുത്തി.
കേസില്‍ സഹകരണവകുപ്പും ക്രൈം ബ്രാഞ്ചും പ്രതിചേര്‍ത്ത ലളിതന്‍ 116 ദിവസം ജയിലില്‍ കിടന്നിരുന്നു. സി.പി.െഎ.യുടെ പ്രതിനിധിയായാണ് ലളിതന്‍ ബോര്‍ഡംഗമായത്.തട്ടിപ്പ് നടക്കുന്നതറിഞ്ഞ് ബോര്‍ഡിലെ സി.പി.എം. അംഗങ്ങളെ അറിയിച്ചതാണ്. പാര്‍ട്ടിയുടെ അന്വേഷണം നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു മറുപടി.
രാജിവയ്ക്കുന്നതായി കാണിച്ച് 2020 നവംബര്‍ 11-ന് കത്ത് നല്‍കി. അതിനുശേഷം യോഗങ്ങളില്‍ പോയിട്ടില്ല. 2021 സെപ്റ്റംബര്‍ 13-ന് ക്രൈം ബ്രാഞ്ച് എത്തി അറസ്റ്റ് ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ഭീകരത മനസ്സിലായത്. സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ലളിതന്‍ പത്തരക്കോടിയിലേറെ രൂപ തിരികെ അടയ്ക്കണം.