ബെംഗളൂരു: മുഖ്യമന്ത്രി പിണറായി മകൾ വീണയ്ക്ക തിരിച്ചടി. മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി തള്ളി. എസ്എഫ്‌ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്ഐഒ കോടതിയിൽ വാദിച്ചു.
മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ നീക്കം നടത്തുന്നതിനിടെയാണ് എക്സലോജിക് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്സാലോജിക്–സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു.
ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിർദേശം.