ബെംഗളൂരു:കർണാടക കോൺഗ്രസ് സർക്കാരിനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബി ശിവരാമു. കർണാടകയിൽ കഴിഞ്ഞ ബിജെപി സർക്കാരിനെ അഴിമതിയുടെ പേരിലാണ് പാർട്ടി വിമർശിച്ചിരുന്നത്,എന്നാൽ ഇപ്പോൾ അതിനേക്കാൾ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് ഉള്ളതെന്നും ശിവരാമു ആരോപിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് 40 ശതമാനം കമ്മീഷൻ എന്ന ആരോപണം പ്രചാരണ വേളയിൽ ഉന്നയിച്ചിരുന്നു. എന്നാൽ അതിലുമധികമാണ് കോൺഗ്രസ് സ്വയം ചെയ്യുന്നതെന്നാണ് ശിവരാമുവിന്റെ ആരോപണം.മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ട് കണ്ട് ഈ അഴിമതി വിഷയം ഉന്നയിച്ചതായും ശിവരാമു പറഞ്ഞു. ഹാസൻ ജില്ല ഇപ്പോൾ പല രീതിയിലും കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''ബിജെപിയുടെ ഭരണകാലത്ത് ഞങ്ങൾ അവർക്കെതിരെ 40% അഴിമതിയെന്ന ആരോപണം ആരോപിച്ചിരുന്നു. എന്നാലിപ്പോൾ അതിലും എത്രയോ വലുതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തന്നെപോലെ പാർട്ടിയിലെ ഓരോ പ്രവർത്തകരും ഇത് തിരിച്ചറിയുന്നുണ്ടാകും. അതുകൊണ്ട് തന്നെ അഴിമതിക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്.
ഞാൻ ഇപ്പോൾ ഇത് തുറന്നു പറഞ്ഞു. എന്നാൽ ഇതു തുറന്നു പറയാത്തതായ നേതാക്കളുണ്ട്. ഇതേ അഭിപ്രായമുള്ള നിരവധി പേർ പാർട്ടിക്കുള്ളിലുണ്ട്. കോൺഗ്രസിന് ഈ സംസ്ഥാനത്ത് നിലനിൽക്കണമെങ്കിൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. ഇതിനെ കുറിച്ച് കൂടുതൽ തുറന്നു പറഞ്ഞ് ചർച്ച ചെയ്താൽ പാർട്ടിയിലുള്ളവർ തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുമെന്നും'' അദ്ദേഹം പറഞ്ഞു.