കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം ഭയന്നോടിയ ബസ് ഡ്രൈവര്‍ ട്രെയിനിടിച്ചു മരിച്ചു.ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. കാല്‍നട യാത്രക്കാരനായ മുനീറിനെ ഇടിച്ച ശേഷം,പ്രകോപിതരായ ആള്‍ക്കൂട്ടം ബസ് ജീവനക്കാരെ തടയുകയും അക്രമാസക്തമാവുകയും ചെയ്തിരുന്നു.
ബസ് കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും മര്‍ദ്ദനമേറ്റെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആള്‍ക്കൂട്ടം ആക്രമിച്ചേക്കുമെന്ന ഭയത്തിലാണ് ബസ് ഡ്രൈവര്‍ ജീജിത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
റോഡും റെയില്‍വെ ട്രാക്കും സമാന്തരമായുള്ള സ്ഥലത്താണ് അപകടമുണ്ടായത്. റോഡിന്റെ ഒരു ഭാഗത്ത് പെട്ടിപ്പാലം കോളനിയും മറുഭാഗത്ത് റെയില്‍വേ ട്രാക്കുമാണ്. ട്രാക്കിലൂടെ ഓടി അടുത്ത ട്രാക്ക് കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന മെമു ട്രെയിന്‍ ഇടിച്ചത്.
ജീജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ബസിടിച്ച് പരിക്കേറ്റ കാല്‍നടയാത്രക്കാരന്‍ മുനീര്‍ ആശുപത്രിയിലാണ്. അപകടത്തെ തുടര്‍ന്ന് കാല്‍നട യാത്രക്കാരന്‍ ബസിന്റെ അടിയിലേക്ക് വീണെന്നും ഇത് കണ്ട് ഭയന്നാണ് ഡ്രൈവര്‍ ബസില്‍നിന്നുമിറങ്ങി സ്ഥലത്തുനിന്നും മാറാന്‍ ശ്രമിച്ചതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
വടകര- തലശ്ശേരി റൂട്ടിലെ ശ്രീഭഗവതി, സൗഹൃദ ബസുകളിലെ ഡ്രൈവറായ ജീജിത്ത്, 20 വര്‍ഷമായി ബസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.