കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പ്, തമ്മനത്തെ വീട്, അങ്കമാലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടക്കും.
സ്‌ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
മാര്‍ട്ടിനെ 10 ലധികം സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അഭിഭാഷകന്‍ വേണ്ടെന്ന നിലപാട് ഡൊമിനിക് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു.
പൊലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും പ്രതി പറഞ്ഞു. 15 വര്‍ഷത്തിലേറെയായി മാര്‍ട്ടിന്‍ ദുബൈയില്‍ ജോലി ചെയ്യുകയാണ്.
അതുകൊണ്ട് തന്നെ അവിടെയുളള ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. ഇതിനായാണ് പൊലീസ് 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടത്.
സ്‌ഫോടന വസ്തുക്കള്‍ മാര്‍ട്ടിന്‍ പല സ്ഥലങ്ങളില്‍ നിന്നാണ് മാര്‍ട്ടിന്‍ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിയത് എന്നത് ഉള്‍പ്പെടെ കണ്ടെത്തണം.