കൊച്ചി: കളമശ്ശേരി സ്ഫോടനകേസിൽ യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും പ്രതി ഡൊമിനിക് മാർട്ടിന്റെ മൊഴി.
ബോംബ് വച്ചത് 4 പ്ലാസ്റ്റിക് കവറുകളിലാണെന്നാണും ടിഫിൻ ബോക്സിൽ അല്ലെന്നും മാർട്ടിൻ വെളിപ്പെടുത്തി. സ്ഫോടനത്തിന്റെ വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്.എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.
പ്രതിയായ മാർട്ടിൻ ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ വൈദഗ്ധ്യമുണ്ടെന്നാണ് സൂചന. സ്ഫോടനത്തിന് പിന്നാലെ പ്രതി സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോഗം നടക്കുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ അടക്കം മുഖ്യമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം.
അതെസമയം കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഞായറാഴ്ച അർധരാത്രിയോടെ മരണപ്പെട്ടത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ് മരിച്ചത്.
ബോംബ് സ്ഫോടനത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെഡിക്കൽ ബോർഡ് നിർദേശപ്രകാരം കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിലും രാത്രിയോടെ കുട്ടി മരുന്നുകളോട് പ്രതികരിക്കാതാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മരിച്ച മറ്റ് രണ്ട് സ്ത്രീകളേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശിനിയായ കുമാരി(53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആദ്യം മരിച്ച സ്ത്രീയെ ഞായറാഴ്ച രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്.
മോതിരത്തിൽ നിന്നാണ് മരിച്ചത് ലയോണയാണെന്ന തിരിച്ചറിഞ്ഞത്. മകൻ വന്നതിന് ശേഷം ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ 52 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. അതിൽ 18 പേർ ഐസിയുവിലാണ്. അവരിൽ 6 പേരുടെ നില ഗുരുതരമാണ്.