തൃശൂര്‍: കേരള സാഹിത്യ അക്കാദമിക്കെതിരെ കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമരന്‍ തമ്പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടില്‍ ക്ലീഷേ പ്രയോഗങ്ങളാണ് ഉണ്ടായിരുന്നതെന്നും പാട്ട് കമ്മിറ്റ് നിരാകരിച്ചതായും സച്ചിദാനന്ദന്‍ പറഞ്ഞു.
പാട്ട് തിരഞ്ഞെടുത്തത് കവികളും പ്രഗത്ഭരും അടങ്ങിയ കമ്മിറ്റിയാണ്. തമ്പിയുടെ പാട്ട് കമ്മിറ്റിയില്‍ ഒരാള്‍ക്കും അഗീകരിക്കാന്‍ തോന്നിയില്ല. പാട്ടിനെ നിരാകരിച്ച വിവരം സെക്രട്ടറി അറിയിച്ചെന്നാണ് തോന്നുന്നതെന്നും അക്കാദമി ചെയര്‍മാന്‍ പറഞ്ഞു.
ചെറിയ കാര്യങ്ങളെ വലിയ വിവാദങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ മാറ്റുകയാണ്. ഹരിനാരായണന്റെ പാട്ടാണ് കമ്മിറ്റി അംഗീകരിച്ചത്. പാട്ടിന് ബിജിപാല്‍ സംഗീതം നല്‍കുമെന്നും സച്ചിദാനന്ദന്‍ അറിയിച്ചു.
സര്‍ക്കാരിനായി കേരള ഗാനം എഴുതാന്‍ സാഹിത്യ അക്കാദമി സമീപിച്ചെന്നും ഗാനമെഴുതി നല്‍കിയ ശേഷം അക്കാദമിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചില്ലെന്നുമാണ് ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചത്.