കോഴിക്കോട്:സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ എം.പി. സ്വന്തം പാർട്ടിയിലെ പ്രവര്‍ത്തകര്‍ക്ക് തല്ല് കിട്ടുമ്പോള്‍ നവകേരളസദസ്സിൽ പോയി ചായ കുടിക്കുന്നവർ കോണ്‍ഗ്രസ് അല്ലെന്നും അങ്ങനെ പോയവർക്കെതിരേ നടപടിയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
നവകേരള സദസ്സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓരോ ദിവസവും വഷളാകുകയാണെന്ന് പറഞ്ഞ അദ്ദേഹം കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കുവേണ്ടി ഗുണ്ടാ പണി എടുക്കുകയാണെന്നും ആരോപിച്ചു.
രണ്ടുമൂന്ന് പേര്‍ പ്രഭാതയോഗത്തിന് പോയതുകൊണ്ട് മാത്രം കോണ്‍ഗ്രസ് ഇല്ലാതാവില്ല. പിണറായിയുടെ ചായ കുടിച്ചാലെ കോണ്‍ഗ്രസ് ആവൂ എന്ന് കരുതുന്നവര്‍ പാര്‍ട്ടിയില്‍ വേണ്ട. പ്രവര്‍ത്തകര്‍ക്ക് തല്ല് കിട്ടുമ്പോള്‍ ചായ കുടിക്കുന്നവന്‍ കോണ്‍ഗ്രസ് അല്ല. അങ്ങനെ പോയവർക്കെതിരേ നടപടിയുണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കുട്ടികളെ വഴിയില്‍ നിര്‍ത്തുന്നതും ആളെയെത്തിക്കാൻ സ്കൂൾ ബസുകൾ ഉപയോഗിക്കുന്നതും തുടരുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നതിന്‍റെ പേരിൽ കരുതല്‍ തടങ്കല്‍ പാടില്ലാത്തതാണ്. മുഖ്യമന്ത്രിക്ക് പോലീസിൽ വിശ്വാസം ഇല്ല. ഗുണ്ടാ സംഘങ്ങളുമായാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. ചില പോലീസുകാരും ഗുണ്ടാ പണി എടുക്കുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
അതെസമയം കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കാന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം സഹായിച്ചെന്ന് മുരളീധരൻ പറഞ്ഞു. വിഷയത്തെ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ അവതരിപ്പിക്കാനും പോലീസ് അന്വേഷണം കാര്യക്ഷമമാക്കാനും മാധ്യമങ്ങൾ സഹായിച്ചു. അന്വേഷണ സഹായകമാകുന്ന വിധത്തിലാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രവർത്തിച്ചതെന്നും, അല്ലാത്തപക്ഷം ഇതൊരു ഒറ്റപ്പെട്ടവിഷയമായി പോകുമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.