കണ്ണൂര്‍ പിടിച്ചെടുക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ?

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജയെ കളത്തിലിറക്കും. നിലവില്‍ കോണ്‍ഗ്രസിലെ കെ. സുധാകരനാണ് കണ്ണൂര്‍ എംപി.

author-image
Web Desk
New Update
കണ്ണൂര്‍ പിടിച്ചെടുക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ?

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.കെ. ശൈലജയെ കളത്തിലിറക്കും. നിലവില്‍ കോണ്‍ഗ്രസിലെ കെ. സുധാകരനാണ് കണ്ണൂര്‍ എംപി. കഴിഞ്ഞ തവണ സിപിഎമ്മിലെ പി.കെ. ശ്രീമതിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 5,29,741 വോട്ടുകള്‍ കെ. സുധാകരന്‍ നേടിയപ്പോള്‍ 4,35,182 വോട്ടുകള്‍ പി.കെ. ശ്രീമതിയും നേടിയിരുന്നു.

ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് എല്‍ഡിഎഫ്. അതിനായി മുന്‍ മന്ത്രിമാരെയും മുതിര്‍ന്ന നേതാക്കളെയും പൊതുതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ വിവിധ നേതാക്കള്‍ ഉന്നയിച്ചിരുന്നു. ഇതുകൂടി പണിഗണിച്ചാണ് സിപിഎം കെ.കെ. ശൈലജയെ പാര്‍ലമെന്റിലേക്കു മത്സരിപ്പിക്കാനൊരുങ്ങുന്നത്.

അതേസമയം യുഡിഎഫില്‍ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി ആരെന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനാല്‍ താന്‍ മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കെ. സുധാകരന് ആ അഭിപ്രായത്തോട് അത്ര താത്പര്യമില്ലെന്നാണ് സൂചന. കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെയു വിശ്വസ്തനുമായ കെ. ജയന്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരുവിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.

ചൊവ്വാഴ്ച കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ചു രാഷ്ട്രീയകാര്യ സമിതി യോഗവും ബുധനാഴ്ച കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പാര്‍ലമെന്റിന്റെ ചുമതല നല്‍കിയ നേതാക്കളുടെയും അടിയന്തര സംയുക്തയോഗവും കെ.സുധാകരന്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

kerala kannur cpm k k shailaja lokh sabha election