ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുക്കുന്നത് നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദേശം ഉടന്‍ പുറപ്പെടുവിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മാര്‍ഗനിര്‍ദേശം രൂപീകരിക്കാനുള്ള സമിതി രൂപീകരിച്ചെന്നും മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്രം അറിയിച്ചു.
അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് സുധാംശു ധുലിയ എന്നിവരടങ്ങിയ ബെഞ്ചിനെ ഇക്കാര്യം അറിയിച്ചത്.
കേസ് ആരംഭിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാത്തതില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. 'ഞങ്ങള്‍ എപ്പോഴാണ് നോട്ടീസ് നല്‍കിയത്? സമയക്രമം കുറച്ചെങ്കിലും പാലിക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം കഴിഞ്ഞു.' -കോടതി പറഞ്ഞു.
വിമര്‍ശനത്തെ തുടര്‍ന്ന് അടുത്തയാഴ്ചയോടെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ 14-ന് പരിഗണിക്കാനായി മാറ്റി.