ഗുരുവായൂർ:പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനത്തിനെത്തുന്ന 17ന് ഗുരുവായൂരിൽ മൂന്നുമണിക്കൂർ ചോറൂൺ, തുലാഭാരം വഴിപാടുകൾ ഉണ്ടാകില്ല. പുലർച്ചെ അഞ്ചിനു തുടങ്ങുന്ന ചോറൂൺ വഴിപാട് ആറുമണിക്ക് അവസാനിപ്പിക്കും.തുലാഭാരവും ആറിന് നിർത്തും.മോദി ഉദയാസ്തമനപൂജ വണങ്ങുന്നതിനാണ് പുതിയ സമയക്രമീകരണം. അതെസമയം പ്രധാനമന്ത്രി ദർശനം കഴിഞ്ഞ് ക്ഷേത്രത്തിന് പുറത്തുകടന്നതിനു ശേഷം ചോറൂണും തുലാഭാരവും പുനഃരാരംഭിക്കും.
ഓരോ ദിവസവും എഴുന്നൂറിലേറെ കുട്ടികൾക്കാണ് ഗുരുവായൂരിൽ ചോറൂണ് നടക്കാറുള്ളത്.തുലാഭാരവും അത്ര തന്നെ.ചോറൂണിനും ദർശനത്തിനുമായി നിരവധപേരാണ് ഒരു ദിവസം ഗുരുവായൂരിൽ എത്തുന്നത്.എന്നാൽ പ്രധാന മന്ത്രിയുടെ സുരക്ഷയുടെ ഭാഗമായാണ് പുതിയ സമയക്രമീകരണം.
ജനുവരി 16, 17 തീയതികളിലാണ് മോദി കേരളത്തിൽ എത്തുക. എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ജനുവരി 16 ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോ നിശ്ചയിച്ചിട്ടുണ്ട്.ബിജെപി നേതാവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുക്കും.
ജനുവരി 17 ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അന്ന് രാവിലെ രാവിലെ ഏഴിന് മോദി ഗുരുവായൂരിൽ എത്തും. ക്ഷേത്ര ദർശനം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹ വിവാഹം തുടങ്ങിയ പരിപാടികളാണ് അന്ന് നിശ്ചയിച്ചിരിക്കുന്നത്. തുടർന്ന് കൊച്ചിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി പാർട്ടി നേതൃ യോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സംസ്ഥാനത്തുനിന്ന് മടങ്ങും.