പാർട്ടി അം​ഗത്വം സ്വീകരിച്ച് പി.സി ജോർജും മകൻ ഷോൺ ജോർജും ; ജനപക്ഷം ബിജെപിയിൽ ലയിച്ചു

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

author-image
Greeshma Rakesh
New Update
പാർട്ടി അം​ഗത്വം സ്വീകരിച്ച് പി.സി ജോർജും മകൻ ഷോൺ ജോർജും ; ജനപക്ഷം ബിജെപിയിൽ ലയിച്ചു

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന് പി.സി ജോർജ്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. പി.സി ജോർജിന്റെ മകനും കോട്ടയം ജില്ലാ പ‌‌ഞ്ചായത്തംഗവുമായ അഡ്വ. ഷോൺ ജോർജും, ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും ബിജെപി ദേശീയ നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.തുടർന്ന് ബുധനാഴ്ച വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പി.സി ജോർജ് കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ദിവസമാണ് ജനപക്ഷം സെക്കുലർ പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി ജോർജ് തന്റെ ബിജെപിയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ നൽകുന്നതാണ് ശരിയെന്ന് പറഞ്ഞാണ് പി.സി ജോർജ് പാർട്ടി പ്രവേശന പ്രഖ്യാപനം നടത്തിയത്.

താനടക്കമുള്ള ജനപക്ഷം അംഗങ്ങൾ ബിജെപിയോട് ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാർട്ടി അംഗത്വമെടുത്ത് ഔദ്യോഗിക ബിജെപി അംഗമാകാൻ തന്നെയാണ് എല്ലാ ജനപക്ഷം അംഗങ്ങളും താത്പര്യപ്പെടുന്നതെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. അതെസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ബിജെപി ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് ജനപക്ഷം അംഗങ്ങളുടെ മൂന്നംഗ സമിതി ഡൽഹിയിൽ എത്തിച്ചേരുകയും ബിജെപിയുടെ കേന്ദ്രനേതാക്കളുമായി ചർച്ച ചെയ്യുകയും ചെയ്തു. പി.സി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് എന്നിവരാണ് കേന്ദ്രനേതാക്കളെ കണ്ടത്. തുടർന്നാണ് പാർട്ടിയിലേക്കുള്ള ഔദ്യോഗിക പ്രവേശനം.

BJP pc george janapaksham party