കൊട്ടിയം (കൊല്ലം):കൊല്ലത്ത് ഇസ്രയേൽ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇസ്രയേൽ സ്വദേശി രാധ എന്നു വിളിക്കുന്ന സത്‌വ (36) ആണു കൊല്ലപ്പെട്ടത്. സ്വയം ജീവനൊടുക്കാൻ ശ്രമിച്ച മലയാളിയായ ഭർത്താവിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷ്ണചന്ദ്രൻ (ചന്ദ്രശേഖരൻ നായർ– 75) ആണു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നച്. വ്യാഴാഴ്ച വൈകിട്ട് 3.30നു ഡീസന്റ് ജംക്‌ഷനിലെ കോടാലിമുക്കിനു സമീപത്തെ റേഷൻ കടയ്ക്ക് എതിർവശത്തുള്ള തിരുവാതിര എന്ന വാടകവീട്ടിലാണു സംഭവം.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു കുറച്ചുനാളുകളായി ജീവനൊടുക്കാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നതായി കൃഷ്ണചന്ദ്രൻ മൊഴി നൽകി. വ്യാഴ്ഴാച ഉച്ചയ്ക്കു ഭക്ഷണം കഴിച്ച ശേഷം സത്‌വ ആദ്യം സ്വയം കുത്തിയെങ്കിലും മരിക്കാത്തതിനാൽ തന്നോട് ആവശ്യപ്പെട്ടതുപ്രകാരം കുത്തിയതാണ് എന്നും പിന്നീടു സ്വയം ജീവനൊടുക്കാൻ ശ്രമിച്ചതായും കൃഷ്ണചന്ദ്രൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
രവികുമാറും ഭാര്യ ബിന്ദുവുമാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. ബിന്ദുവിന്റെ പിതൃസഹോദരനാണ് കൃഷ്ണചന്ദ്രൻ. രവികുമാറും ബിന്ദുവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണു സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
16 വർഷമായി കൃഷ്ണചന്ദ്രനും സത്‌വയും ഒരുമിച്ചാണ്. ഋഷികേശിൽ യോഗ അധ്യാപകനായിരുന്ന കൃഷ്ണചന്ദ്രന്റെ ശിഷ്യ ആയിരുന്നു സത്‌വ. പിന്നീട് വിവാഹം കഴിച്ച ഇരുവരും ഒരു വർഷം മുൻപാണു കേരളത്തിലെത്തിയത്.