ടെല്‍ അവീവ്: ഗാസയെ വളഞ്ഞും ഗാസക്കുള്ളില്‍ കടന്നും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ഹമാസിന്റെ ഉയര്‍ന്ന നേതാക്കളെയാണ് ഇസ്രയേല്‍ സൈന്യം ലക്ഷ്യമിടുന്നത്. ഹമാസിന്റെ കമാന്‍ഡറായ സാല അല്‍ അരൗറിയുടെ വീട് ഇസ്രയേല്‍ സൈന്യം തകര്‍ത്തു. ഹമാസ് നേതാക്കള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയേഹിന്റെ പ്രധാന സഹായിയാണ് സാല അല്‍ അരൗറി. ഇപ്പോള്‍ ദക്ഷിണ ലബനനിലാണ്. ഇസ്രയേലില്‍ 17 വര്‍ഷം തടവുശിക്ഷ അനുഭവിച്ചയാളാണ് അരൗറി.
വെസ്റ്റ് ബാങ്കിന് സമീപത്തുനിന്ന് മൂന്ന് ഇസ്രയേല്‍ കുട്ടികളെ അരൗറിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. അതോടെയാണ് അരൗറി ഇസ്രയേലിന്റെ നോട്ടപ്പുളളിയായത്. വെസ്റ്റ് ബാങ്കില്‍ ഹമാസ് ശക്തമായ സാന്നിധ്യമായി മാറിയത് അരൗറിയുടെ സ്വാധീനത്തിലാണ്.
ഗാസയിലെ തുരങ്കങ്ങള്‍ തിരഞ്ഞുപിടിച്ചു തകര്‍ക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലിന്റെ പ്രത്യാക്രമണത്തെ നേരിടാന്‍ ഹമാസ് ആശ്രയിക്കുന്നത് തുരങ്കളെയാണ്. കഴിഞ്ഞ ദിവസം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ തുരങ്കങ്ങള്‍ തകര്‍ക്കാനും ഹമാസ് നേതാക്കളെ വധിക്കാനും സാധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. അതിനിടെ, വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.