ഗാസ: ഗാസയെ രണ്ടായി പിളർത്തി വൻമതിലിനു സമാനമായ ഹൈവേ നിർമിക്കാൻ ഇസ്രായേൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധാനന്തര ഗാസയിൽ സൈനിക കടന്നുകയറ്റവും പലസ്തീനികളുടെ സഞ്ചാരവും തടയുന്നതും ലക്ഷ്യമിട്ടാണ് തെക്കൻ ഗാസയെയും വടക്കൻ ഗാസയെയും വേർതിരിക്കുന്ന റോഡ് നിർമ്മിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നത്.
ഇസ്രായേൽ അതിർത്തിയിൽ നിന്നാരംഭിച്ച് കടലിലേക്ക് എത്തുന്ന രീതിയിലാണ് റോഡിന്റെ രൂപകൽപന.യുഎസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് വാർ (ഐ.എസ്.ഡബ്ല്യൂ), ക്രിട്ടിക്കൽ ത്രെറ്റ്‌സ് പ്രൊജക്‌ട് (സി.ടി.പി) എന്നിവയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്കും തിരിച്ചുമുള്ള പലസ്തീനികളുടെ സ്വതന്ത്ര സഞ്ചാരത്തെ ഇത് തടയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നീണ്ടകാലത്തെ ആസൂത്രണത്തിന്റെ ഭാഗമാണ് റോഡെന്ന് ഐ.എസ്.ഡബ്ല്യൂ, സി.ടി.പി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.ഗാസ സിറ്റിക്ക് നടുവിലൂടെ നെറ്റ്‌സാരിം ഇടനാഴി (ഹൈവേ 749) എന്ന പേരിലാണ് ഇടനാഴി നിർമിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്രയേൽ സൈനികവിഭാഗമായ റിസർവ് എഞ്ചിനീയറിങ് കോർപ്സിനാണ് ഇതിന്റെ നിർമാണ ചുമതല.
ഇതേക്കുറിച്ച് ഇസ്രായേൽ മാധ്യമമായ ചാനൽ 14 സംപ്രേഷണം ചെയ്ത റിപ്പോർട്ടിൽ ഹൈവേയുടെ വടക്കും തെക്കും 1 കിലോമീറ്റർ ബഫർ സോൺ നിർമിക്കുമെന്ന് വെളിപ്പെടുത്തി. ഇതിനായി ഈ പ്രദേശങ്ങളിലുള്ള സർവകലാശാലകൾ, ആശുപത്രികൾ, പാർക്കുകൾ എന്നിവയ്ക്കൊപ്പം അനേകം പാർപ്പിട സമുച്ചയങ്ങളും പൊളിക്കുന്നതിന് എഞ്ചിനീയറിങ് കോർപ്സിന്റെ യൂണിറ്റ് 601നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തുർക്കി ഹോസ്പിറ്റൽ, അൽ-അഖ്‌സ യൂണിവേഴ്‌സിറ്റി കാമ്പസ്, മുഗ്റഖ, ജുഹറുദ്ദീക്ക് എന്നീ കാർഷിക ഗ്രാമങ്ങൾ, അമ്യൂസ്‌മെൻറ് പാർക്കുകളായ നൂർ, ഷംസ്, ഏക്കർ കണക്കിന് കൃഷിഭൂമി എന്നിവയാണ് തകർത്ത് തരിപ്പണമാക്കുന്നത്.ഭാവിയിൽ ഈ പ്രദേശത്തേക്ക് സൈനിക കടന്നുകയറ്റം എളുപ്പത്തിലാക്കുന്നതിനും വടക്കൻ ഗാസയിൽ നിന്നും സിറ്റിയിൽനിന്നും പുറത്താക്കപ്പെട്ട 10 ലക്ഷത്തോളം പലസ്തീനികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനാകാത്ത വിധം തടയിടാനും ഇടനാഴിക്ക് കഴിയുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.