ടെല്‍ അവീവ്: ഗാസയ്ക്കു മേല്‍ ആക്രമണം ശക്തമാക്കിയതിനൊപ്പം, ഹമാസ് ബന്ദികളാക്കിയവരെ കണ്ടെത്താനുള്ള നീക്കവുമായി ഇസ്രയേല്‍. ഇതിന്റെ ഭാഗമായി ഗാസയില്‍ വിവിധ പ്രദേശങ്ങളില്‍ ഇസ്രയേല്‍ തിരച്ചില്‍ തുടങ്ങി.
ഇസ്രയേല്‍ വ്യോമാക്രണം അതിശക്തമായി തുടരുകയാണ്. അതിനൊപ്പമാണ് ബന്ദികളെ കണ്ടെത്തി മോചിപ്പിക്കാനായി കരസേനയും രംഗത്തിറങ്ങിയത്.
ഗസയിലെ ഇസ്രയേല്‍ നടപടി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും ഒരു ടാങ്കും രണ്ട് ബുള്‍ ഡോസറുകളും തകര്‍ത്തതായും ഹമാസ് അറിയിച്ചു.
ഹമാസിന്റെ പ്രഹര ശേഷി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ പതിനായിരങ്ങളാണ് ഇപ്പോഴുമുള്ളത്. ഇസ്രയേല്‍ കരയിലൂടെയുള്ള ആക്രമണം വൈകിപ്പിക്കുന്നതിന്റെ കാരണം ഇതാണ്.
വടക്കന്‍ ഗാസ വിട്ട് തെക്കന്‍ മേഖലയിലേക്കു പോകാത്ത പലസ്തീന്‍കാരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ ആക്രമണവും മരണവും തെക്കന്‍ മേഖലയിലാണെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച തെക്കന്‍ പട്ടണമായ ഖാന്‍ യൂനിസില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആളുകള്‍ തിങ്ങിനിറഞ്ഞിരുന്ന കഫേയില്‍ മിസൈല്‍ പതിച്ച് 12 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.