ഗാസ സിറ്റി: ഹമാസിന്റെ സേനാതാവളമുണ്ടെന്ന ആരോപണത്തേില്‍ ഗാസയിലെ അല്‍ ശിഫ ആശുപത്രി ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സേനയുടെ ദൗത്യം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍.സൈന്യം ദിവസങ്ങളായി ആശുപത്രിയുടെ കവാടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയുടെ അടിയിലായി ഹമാസിന്റെ സേനാ താവളമുണ്ടെന്നാണ് ഇസ്രയേല്‍ സേന വാദിക്കുന്നത്. ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് അഭയം നല്‍കുന്ന ആശുപത്രിയാണ് ഗാസയിലെ അല്‍ ശിഫ.
ആശുപത്രിക്കുള്ളിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ 12 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് ഗാസയിലെ അധികാരികളെ അറിയിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി. ആശുപത്രിക്കുള്ളലിലെ ഹമാസ് സംഘത്തിനോട് കീഴടങ്ങാനും സേന ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രിക്കുള്ളില്‍ കയറി അതിക്രമം കാണിക്കരുതെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോടു പറഞ്ഞു.
ആശുപത്രിക്കെതിരായുള്ള വ്യോമാക്രമണത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. കൂടാതെ, നിരപരാധികളായ ജനങ്ങള്‍ അര്‍ഹമായ വൈദ്യസഹായത്തിനായി എത്തുന്ന ആശുപത്രിയില്‍ ആക്രമണം ഉണ്ടാകരുത്. ആശുപത്രിക്കുള്ളിലെ രോഗികള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആശുപത്രിക്കെതിരായ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം യു.എസ് പ്രസിഡന്റ് ജോ ബൈഡന് ആണെന്നാണ് ഹമാസിന്റെ ആരോപണം. അല്‍ ശിഫ ആശുപത്രി സമുച്ചയത്തെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് വാദം വൈറ്റ് ഹൗസും പെന്റഗണും അംഗീകരിച്ചു. നിസ്സഹായരായ ജനങ്ങള്‍ക്കെതിരായ ആക്രമണത്തിന് ഇക്കൂട്ടര്‍ പച്ചക്കൊടി കാണിച്ചുവെന്നും ഹമാസ് ചൂണ്ടിക്കാട്ടി.
ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച അല്‍ ശിഫ ആശുപത്രിയില്‍ മരിച്ച 179 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ചിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ആശുപത്രിവളപ്പില്‍ വലിയ കുഴികുത്തി ഇവ ഒരുമിച്ച് അടക്കുകയായിരുന്നെന്ന് അല്‍ ശിഫ ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു.
യുദ്ധം തുടങ്ങിയശേഷം ഗാസയില്‍ ഇതുവരെ 11240 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 4630 പേര്‍ കുട്ടികളും 3130 പേര്‍ സ്ത്രീകളുമാണ്.