​കൊടുംക്രൂ​ര​ത; ഗാസയിൽ ഭ​ക്ഷ​ണം കാ​ത്തു​നി​ന്ന​വ​ർ​ക്കു​മേ​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

പ​ട്ടി​ണി​യും ശി​ശു​മ​ര​ണ​വും പിടിമുറുക്കിയിരിക്കുന്നതിനിടെയാണ് ഇ​സ്ര​യേ​ലിന്റെ തുടരുന്ന ക്രൂ​ര​ത.ആ​യി​ര​ങ്ങ​ളാ​ണ് ഇ​വി​ടെ കാ​ത്തു​നി​ന്നി​രു​ന്ന​തെ​ന്നും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു

author-image
Greeshma Rakesh
New Update
​കൊടുംക്രൂ​ര​ത; ഗാസയിൽ ഭ​ക്ഷ​ണം കാ​ത്തു​നി​ന്ന​വ​ർ​ക്കു​മേ​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം

ഗാസ: ഗാസ സിറ്റിയിൽ സഹായ ട്രക്കുകൾക്കായി കാത്തുനിന്നവർക്കു നേരെ ഡ്രോണുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം നടത്തി ഇസ്രായേൽ. പട്ടിണിയും ശിശുമരണവും പിടിമുറുക്കിയിരിക്കുന്നതിനിടെയാണ് ഇസ്രയേലിന്റെ തുടരുന്ന ക്രൂരത. ആയിരങ്ങളാണ് ഇവിടെ കാത്തുനിന്നിരുന്നതെന്നും ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.അതിൽ 15 പേരെ പരിക്കുകളോടെ ആശുപത്രിയിലാക്കിയിട്ടുണ്ട്.

ഗാസയിലെ ജനങ്ങൾക്കായി കടത്തിവിടുന്ന സഹായ ട്രക്കുകൾ തടയുന്നതും ഇസ്രായേൽ തുടരുകയാണ്. പ്രതിദിനം 500ലേറെ ഭക്ഷണ ട്രക്കുകൾ ആവശ്യമായിടത്ത് 100ൽ താഴെ മാത്രമാണ് നിലവിൽ എത്തുന്നത്.മാത്രമല്ല ഇസ്രായേൽ അനുമതി നൽകാത്തതിനാൽ ആയിരക്കണക്കിന് ട്രക്കുകൾ റഫ അതിർത്തിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. പട്ടിണി ആയുധമാക്കി പലസ്തീനികളെ തളർത്തുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടുകളുണ്ട്.

ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കളുടെ അഭാവം കാരണം ദിവസങ്ങളോളം ഒന്നും കഴിക്കാൻ ലഭിക്കാത്തവർ കാലികളുടെ ഭക്ഷണവും ഇലകളും മറ്റും കഴിച്ച് വിശപ്പടക്കുന്ന സ്ഥിതിയാണ് നിലവിൽ ഗാസയിലുള്ളതെന്നും റിപ്പോർട്ടുകളുണ്ട്. കുഞ്ഞുങ്ങളിലേറെയും കൊടുംപട്ടിണിയിലാണ്.വടക്കൻ ഗാസയിലെ മൂന്നു ലക്ഷത്തോളം പേരാണ് ഏറ്റവും വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നത്. ഇവിടേക്ക് പ്രതിദിനം രണ്ടു ട്രക്കുകൾ മാത്രമാണ് ഇസ്രയേൽ കടത്തിവിടുന്നത്.

കടുത്ത ഇസ്രായേൽ ഉപരോധത്തിൽ കഴിയുന്ന ഇവിടെ സഹായം എത്തിച്ചിരുന്ന യു.എൻ അഭയാർഥി ഏജൻസിക്ക് സഹായം റദ്ദാക്കുക വഴി പടിഞ്ഞാറൻ രാജ്യങ്ങൾ കൊടും പട്ടിണി വിളിച്ചുവരുത്തുകയായിരുന്നുവെന്ന് യു.എൻ അഭയാർഥി ഏജൻസി കുറ്റപ്പെടുത്തി. യു.എസും യൂറോപ്യൻ രാജ്യങ്ങളിലേറെയും സഹായം റദ്ദാക്കിയിട്ടുണ്ട്. ഇതുവഴി 22 ലക്ഷം ഫലസ്തീനികൾക്ക് ഭക്ഷണം മുടങ്ങിയെന്ന് ഗസ്സയിലെ യു.എൻ പ്രത്യേക പ്രതിനിധി മൈക്കൽ ഫഖ്രി കുറ്റപ്പെടുത്തി.

ഗാസയിൽ എല്ലാ വരുമാന മാർഗങ്ങളും ഇസ്രായേൽ പൂർണമായും തടഞ്ഞതിനാൽ മഹാഭൂരിപക്ഷം പലസ്തീനികളും യു.എൻ ഏജൻസി നൽകുന്ന സഹായം വഴിയാണ് വിശപ്പടക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം, ആതുര സേവനം, ബേക്കറികൾക്ക് ധാന്യപ്പൊടി എന്നിവയുടെ വിതരണവും കുടിവെള്ള ശുദ്ധീകരണവും നടത്തുന്നതും ഏജൻസിയാണ്. ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്.

Israel palestine conflict israel hamas war gaza gaza cease fire Israel army