ഷാനവാസ് എന്‍ജിനീയര്‍, അര്‍ഷാദിന് പി എച്ച്ഡി; ഹിറ്റ്‌ലിസ്റ്റില്‍ പ്രമുഖരെന്ന് സ്‌പെഷ്യല്‍ സെല്‍

തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമയെ ഡല്‍ഹി പൊലീസ് ജയ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ട ഷാഫി ഡല്‍ഹി സ്വദേശിയാണ്.

author-image
Web Desk
New Update
ഷാനവാസ് എന്‍ജിനീയര്‍, അര്‍ഷാദിന് പി എച്ച്ഡി; ഹിറ്റ്‌ലിസ്റ്റില്‍ പ്രമുഖരെന്ന് സ്‌പെഷ്യല്‍ സെല്‍

 

ന്യൂഡല്‍ഹി: തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ടിരുന്ന ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമയെ ഡല്‍ഹി പൊലീസ് ജയ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ട ഷാഫി ഡല്‍ഹി സ്വദേശിയാണ്. ഇയാളുടെ കൂട്ടാളികളായ മൂന്ന് പേര്‍ കൂടി പിടിയിലായി. കൂട്ടാളികളായ മുഹമ്മദ് റിസ്വാന്‍ അഷ്‌റഫിനെ ലഖ്‌നൗവില്‍ നിന്നും മുഹമ്മദ് അര്‍ഷാദ് വാര്‍സിയെ മൊറാദാബാദില്‍ നിന്നുമാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.

മുമ്പ് പൂനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായതെന്ന് സ്‌പെഷ്യല്‍ സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എച്ച്.ജി.എസ് ധലിവാള്‍ പറഞ്ഞു.

ഭീകരന്‍ കേരളത്തിലുമെത്തി

തിങ്കളാഴ്ച ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരന്‍ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ കേരളത്തിലെത്തി സ്‌ഫോടനത്തില്‍ പരിശീലനം നടത്തിയതായി വ്യക്തമായി. ഇയാള്‍ വനമേഖലയില്‍ താമസിച്ച് പല പദ്ധതികളും ആസൂത്രണം ചെയ്തു. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് വിവിധ ഗ്രൂപ്പുകള്‍ രൂപീകരിക്കാനും പദ്ധതിയിട്ടു. പ്രമുഖരായ നിരവധി വ്യക്തികള്‍ ഇവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നതായും സ്‌പെഷ്യല്‍ സെല്‍ വ്യക്തമാക്കി.

ആളില്ലാത്ത കൃഷിയിടങ്ങളിലും വനമേഖലകളിലും കുക്കര്‍, ഗ്യാസ് സിലിണ്ടര്‍, ഐഇഡി എന്നിവ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയാണ് പരിശീലനം നേടിയത്. പശ്ചിമഘട്ടത്തിലെത്തിയപ്പോള്‍ ഐഎസ് പാതാകയുമേന്തി എടുത്ത ചിത്രങ്ങള്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കണ്ടെടുത്തിട്ടുണ്ട്.
ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്ത് നിന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും മറ്റ് വെടിക്കോപ്പുകളും ഐഇഡി നിര്‍മ്മാണത്തിനുള്ള രാസദ്രാവകങ്ങളും ജിഹാദി സാഹിത്യങ്ങളും പിടികൂടിയിട്ടുണ്ട്.

ഇന്ത്യയില്‍ പലയിടങ്ങളിലും സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടു. ഇവരെ പിടികൂടുമ്പോള്‍ പൂനെ, ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മൂന്ന് കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മാത്രമാണ് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ കൈവശമുണ്ടായിരുന്നത്. ചോദ്യം ചെയ്തതോടെയാണ് കേരളമുള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ച ആക്രമണ പദ്ധതികളെ കുറിച്ച് വ്യക്തമാകുന്നത്. ഇവര്‍ തങ്ങളുടെ ഐഎസ് ഹാന്‍ഡ്‌ലറുമായി നിരന്തരം ബന്ധപ്പെടുകയും പതിവായി റിപ്പോര്‍ട്ടുകള്‍ കൈമാറുകയും ചെയ്തിരുന്നു. ഇവരെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

പൂന ഐഎസ്‌ഐഎസ് മൊഡ്യൂള്‍ കേസില്‍ കഴിഞ്ഞ സെപ്തംബറില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിയായ ഇയാളെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെ പൊലീസിന്റെ കൈയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

പിന്നീട് ഡല്‍ഹിയിലെത്തി മറ്റൊരു പേരില്‍ താമസിക്കുകയായിരുന്നു. . പൂന ഐസിസ് മൊഡ്യൂള്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്സിലായത്.

ഷാനവാസ് എന്‍ജിനീയര്‍, അര്‍ഷാദിന് പി എച്ച്ഡി

ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സ്വദേശിയാണ് മുഹമ്മദ് ഷാനവാസ്. മൈനിംഗ് എന്‍ജിനീയറായ മുഹമ്മദ് ഷാനവാസിന് സ്‌ഫോടനങ്ങളെ കുറിച്ച് നല്ല ഗ്രാഹ്യമുണ്ട്. ഷാനവാസിന്റെ ഭാര്യ ഹിന്ദുമതത്തില്‍ നിന്നും ഇസ്ലാം മതം സ്വീകരിച്ചതാണ്. അവര്‍ ഇപ്പോള്‍ ഒളിവിലാണ്.

മുഹമ്മദ് അര്‍ഷാദും ഝാര്‍ഖണ്ഡ് സ്വദേശിയാണ്. അലിഗഡ് സര്‍വ്വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ നിന്നും ബി.ടെക് പൂര്‍ത്തിയാക്കിയ മുഹമ്മദ് അര്‍ഷാദ് ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി ചെയ്യുകയായിരുന്നു. അസംഗഡ് സ്വദേശിയായ മുഹമ്മദ് റിസ്വാന്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദധാരിയാണ്. പുരോഹിതനായി പ്രവര്‍ത്തിക്കാനുള പരിശീലനം ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ഐഎസ് ബന്ധം പിടിക്കപ്പെടാതിരിക്കാന്‍ പ്രാദേശികമായി തന്നെ എല്ലാ ബന്ധങ്ങളും നിലനിര്‍ത്താന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു.

india kerala NIA ISIS