ന്യൂഡൽഹി: ഗാസയിൽ കരയാക്രമണത്തിനായി തയ്യാറെടുക്കുന്നതിനിടെ ഇസ്രായേലിനു ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. പലസ്തീനികൾക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ മുന്നറിയിപ്പ് .1,400-ലധികം ഇസ്രായേലികളെ കൊന്നൊടുക്കിയ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് പിന്തുണ നൽകിയ അമേരിക്കയേയും ഇറാനിയൻ വിദേശകാര്യ മന്ത്രി എടുത്തു പറഞ്ഞു.
“സയണിസ്റ്റ് ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, മേഖലയിലെ എല്ലാ കക്ഷികളുടെയും കൈകൾ ട്രിഗറിലായിരിക്കും,” ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറബ്‌ദെല്ലാഹിയാൻ പറഞ്ഞു.
ഹമാസ് ആക്രമണത്തിനു പിന്നാലെ ഇസ്രായേൽ ഗാസയിൽ തുടർച്ചയായി നടത്തിയ ബോംബാക്രമണത്തിൽ 700-ലധികം കുട്ടികൾ ഉൾപ്പെടെ 2,670-ലധികം പേരാണ് മരണപ്പെട്ടത്. ജനസാന്ദ്രതയേറിയ തീരദേശ മേഖലയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഭക്ഷണവും ഇസ്രായേൽ വിച്ഛേദിച്ചെങ്കിലും തെക്കൻ മേഖലയിൽ ഞായറാഴ്ച വെള്ളത്തിനുള്ള സൗകര്യം പുനഃസ്ഥാപിച്ചു.
“സാഹചര്യം നിയന്ത്രിക്കാനും സംഘർഷങ്ങൾ വ്യാപിക്കാതിരിക്കാനും ആർക്കും ഉറപ്പ് നൽകാൻ കഴിയില്ല, യുദ്ധത്തിന്റെയും പ്രതിസന്ധിയുടെയും വ്യാപ്തി വികസിക്കുന്നത് തടയാൻ താൽപ്പര്യമുള്ളവർ,നിലവിലെ ഗാസയിലെ പൗരന്മാർക്കും സാധാരണക്കാർക്കും എതിരായ ക്രൂരമായ ആക്രമണങ്ങൾ തടയേണ്ടതുണ്ട്."” ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതെസമയം ഇസ്രായേലിൽ യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചും ഇസ്രായേലിന്റെ ദീർഘകാല എതിരാളിയായ ഇറാൻ നേരിട്ട് ഇടപെടാനുള്ള സാധ്യതയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ രംഗത്തുവന്നു. യുഎൻ പരിശോധന നടത്തുന്ന ലെബനനുമായുള്ള വടക്കൻ അതിർത്തിയിലേക്ക് ഇസ്രായേൽ സൈനികരെയും ടാങ്കുകളെയും അയച്ചിട്ടുണ്ട്.