തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സ്വീകരിച്ച 40 നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ഡിഡൈമര്‍ പരിശോധന നടത്തണമെന്ന വ്യാജ പ്രചാരണത്തെക്കുറിച്ച് ആരോഗ്യ വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.
വാകാസിനെടുത്തവരുടെ രക്തക്കുഴലുകള്‍ പരുക്കനായി രക്തം കട്ടപിടിക്കാന്‍ കാരണമാകുമെന്നാണ് വ്യാജ പ്രചരണം. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ പതിപ്പിച്ച അറിയിപ്പ് ആണെന്ന വ്യാജേന സമൂഹ മാധ്യമത്തില്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റിന കെ.ജെ
നെടുമങ്ങാട് ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ഇക്കാര്യം പരിശോധിച്ചതിന് ശേഷം ആശുപത്രിയില്‍ ഇത്തരത്തിലുള്ള അറിയിപ്പ് പതിച്ചിട്ടില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
ഇതേ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, വാക്‌സീന്‍ കാരണം രക്തം കട്ട പിടിക്കുകയോ മരിക്കുകയോ ചെയ്യില്ലെന്ന് ഐസിഎംആര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.