തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുകയാണ്,സി.പി.എം ഇതിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വീണക്കെതിരായ അന്വേഷണത്തിൽ സി.പി.എം പ്രതികൂട്ടിലല്ല. പാർട്ടി പ്രതികൂട്ടിലാണെന്ന് വരുത്തിതീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കേണ്ട. ബി.ജെ.പിയുമായി ബന്ധമുള്ള നേതാവിന്റെ മകനാണ് വീണക്കെതിരെ പരാതി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് കോൺഗ്രസിന് അവസരവാദ നിലപാടാണ് ഉള്ളത്. അവരുടെ നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ കോൺഗ്രസ് അതിനെ എതിർക്കുന്നു. എന്നാൽ, മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണം വരുമ്പോൾ അത് അവർ സ്വാഗതം ചെയ്യുന്നു. ആം ആദ്മി പാർട്ടിക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ നടപടികളെ കോൺഗ്രസ് സ്വാഗതം ചെയ്യുകയാണ് ചെയ്യുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അതെസമയം പിണറായി സൂര്യനെ പോലെയെന്ന് താൻ പറഞ്ഞത് വ്യക്തിപൂജയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ഏജൻസികൾ പിണറായിയെന്ന സൂര്യനടുത്തേക്ക് എത്താനാവില്ലെന്നാണ് പറഞ്ഞത്. ഈ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ചില സാഹിത്യകാരൻമാരെ ഇക്കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കാനും മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.